പീരുമേട്-ദേവികുളം മലയോര ഹൈവേ ഒന്നാം റീച്ച് പൂർത്തിയായി
1281320
Sunday, March 26, 2023 10:52 PM IST
കട്ടപ്പന: പീരുമേട്-ദേവികുളം മലയോര ഹൈവേയുടെ ഒന്നാം റീച്ചായ കുട്ടിക്കാനം-ചപ്പാത്ത് റോഡിന്റെ നിർമാണം പൂർത്തിയായി. ചുരുക്കം ചില ഭാഗങ്ങളിൽ ഓടയുടെ നിർമാണവും റോഡ് മാർക്കിംഗിൽ റിഫ്ളക്ടറുകൾ സ്ഥാപിക്കുന്ന ജോലിയും നടന്നുവരികയാണ്. ഡിഫക്ട് ലയബിലിറ്റി പീരിയഡായ മൂന്നു വർഷത്തേക്ക് ഈ റോഡിനുണ്ടാകുന്ന തകരാറുകൾ പരിഹരിക്കേണ്ട ചുമതല റോഡ് നിർമിച്ച കരാറുകാർക്കാണ്.
പ്രകൃതിമനോഹരമായ തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ കടന്നുപോകുന്ന, കോട്ടയത്തുനിന്ന് കട്ടപ്പനയിലേക്കുള്ള സുപ്രധാന റോഡിന് നേരത്തേ നാലു മീറ്റർ ടാറിംഗ് പ്രതലം ഉൾപ്പെടെ ആകെ ആറു മീറ്റർ മാത്രമായിരുന്നു വീതി. മലയോര ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി കിഫ്ബിയിൽനിന്ന് 90.34 കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ച 18.3 കിലോമീറ്റർ ദൈർഘ്യമുള്ള റീച്ചിൽ ഇപ്പോൾ 12 മുതൽ 13.5 മീറ്റർ വരെയാണ് വീതി. ഏഴു മീറ്റർ കാര്യേജ് വേയും ഇരുവശങ്ങളിലും ഒരു മീറ്റർ വീതം പേവ്ഡ് ഷോൾഡറുകളുമുണ്ട്.
അഗാധ താഴ്വരകൾ കരിങ്കല്ല് കെട്ടി സംരക്ഷിച്ചും സംരക്ഷണഭിത്തി, കലുങ്കുകൾ, നടപ്പാത, മറ്റു റോഡ് സുരക്ഷാ സംവിധാനങ്ങൾ എല്ലാം ഉൾപ്പെടെ ആധുനിക നിലവാരത്തിലാണ് നിർമാണം പൂർത്തീകരിച്ചത്. ബിഎം-ബിസി നിലവാരത്തിൽ നിർമിച്ച റോഡിൽ 16.5 കിലോമീറ്റർ നീളത്തിൽ സംരക്ഷണഭിത്തികളും 96 കലുങ്കുകളും മറ്റ് അനുയോജ്യമായ ജലനിർഗമന മാർഗങ്ങളും പണിതിട്ടുണ്ട്. രണ്ടുവർഷമാണ് നിർമാണം പൂർത്തിയാക്കാനെടുത്ത സമയം.
അടുത്ത ഘട്ടമായി ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള 21 കിലോമീറ്റർ റീച്ചിന്റെ പണി ഉടൻ ആരംഭിക്കും. ചപ്പാത്ത്-മേരികുളം, മേരികുളം-നരിയന്പാറ, നരിയന്പാറ-കട്ടപ്പന എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ഇതു നിർമിക്കുക. നരിയന്പാറ-കട്ടപ്പന റോഡിന് കരാർ നൽകി. 17.15 കോടി രൂപ ചെലവിൽ ഒരു വർഷംകൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഈ റോഡിലെ ഇരുപതേക്കർ പാലം പൊളിച്ച് വീതികൂട്ടി പണിയും. മേരികുളം-നരിയന്പാറ റോഡ് 53.77 കോടി രൂപയും ചപ്പാത്ത്-മേരികുളം റോഡ് 39.16 കോടി രൂപയും മുടക്കിയാണ് നിർമിക്കുന്നത്. ഈ മാസംതന്നെ ഇവയ്ക്കും കരാറാകും. രണ്ടു വർഷവും ഒന്നര വർഷവുമാണ് യഥാക്രമം ഇവയുടെ നിർമാണ കാലാവധി.
ഇതേ മലയോര ഹൈവേയുടെ മറുഭാഗത്തെ 5.5 കിലോമീറ്റർ ദൈർഘ്യം വരുന്ന എല്ലക്കൽ-വലിയ മുല്ലക്കാനം റോഡിന്റെ നിർമാണത്തിനും കരാറായിട്ടുണ്ട്. 39.79 കോടി രൂപയാണ് ഈ ഭാഗത്തിന്റെ നിർമാണച്ചെലവ്. 18 മാസം നിർമാണ കാലാവധിയുള്ള ഈ റോഡിലെ എല്ലക്കൽ പാലം പൊളിച്ചുപണിയും. ഇരുട്ടുകാനം-എല്ലക്കൽ, വലിയ മുല്ലക്കാനം-കുത്തുങ്കൽ, കുത്തുങ്കൽ-മൈലാടുംപാറ, മൈലാടുംപാറ-പുളിയന്മല, പുളിയന്മല-കട്ടപ്പന എന്നീ റീച്ചുകളാണുള്ളത്.
കട്ടപ്പന-പുളിയന്മല റീച്ചിന്റെ നിലവിലുണ്ടായിരുന്ന ഡിഫക്ട് ലയബിലിറ്റി പീരിയഡ് പൂർത്തിയായതിനാൽ നിർമാണത്തിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഒന്നിലേറെ ഹെയർപിൻ വളവുകളുള്ള ഈ റീച്ചിൽ വളവുകൾ ബലപ്പെടുത്തുന്നതുൾപ്പെടെയുള്ള ജോലികളുണ്ട്.
മറ്റു റോഡുകളുടെ നിലവിലുള്ള ഡിഎൽപി കഴിയുന്നതോടെ 12 മീറ്റർ വീതിയിൽ മലയോര ഹൈവേയാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികളാരംഭിക്കും. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്.
ഇടുക്കി ജില്ലയിലെ മലയോരമേഖലയുടെ വികസനത്തിനും കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും ഈ ഹൈവേ കുതിപ്പേകുമെന്ന് പൊതുമരാമത്ത്, ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.