അങ്കണവാടിയുടെ മേൽക്കൂര അടർന്നുവീണു
1280817
Saturday, March 25, 2023 10:30 PM IST
മറയൂർ: ബാബുനഗറിലെ അങ്കണവാടിയുടെ കോൺക്രീറ്റ് മേൽക്കൂരയിലെ സ്ലാബ് പാളികൾ അടർന്നുവീണു. അടർന്നുവീണത് രാത്രിയിലായതിനാൽ വൻദുരന്തം ഒഴിവായി.മറയൂർ പഞ്ചായത്തിലെ ലക്ഷംവീട് ബാബുനഗറിലെ മുപ്പതാം നമ്പർ അങ്കണവാടിയിലാണ് കുട്ടികളുടെ ഇരിപ്പിടത്തിലും കുട്ടികൾ കിടക്കുന്ന ഹാളിലുമായി മേൽക്കൂരയിലെ സ്ലാബ് പാളികൾ അടർന്നുവീണത്. 21 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയാണിത്.
വെള്ളിയാഴ്ച വൈകുന്നേരം അങ്കണവാടി പൂട്ടിയശേഷം ഇന്നലെ രാവിലെ തുറന്നപ്പോഴാണ് സ്ലാബ് പാളികൾ അടർന്നുവീണ് ബെഞ്ചും കസേരകളും പൊട്ടിയ നിലയിൽ കണ്ടത്. 2017ൽ 14.50 ലക്ഷം രൂപ മുടക്കി പണിത കെട്ടിടമാണ്. ആറുവർഷം തികയും മുന്പ് കെട്ടിടത്തിനു ചോർച്ചയും ഉണ്ടായി.