മഴയിലും കാറ്റിലും പാലാറില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
1280538
Friday, March 24, 2023 10:37 PM IST
നെടുങ്കണ്ടം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും കോമ്പയാറിനു സമീപം പാലാറില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. പാലാര്‍ ഇഞ്ചപ്രാവില് അനീഷിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. സംഭവസമയത്ത് അനീഷും ഭാര്യ നിഖിലയും മകള്‍ മീരയും വീട്ടിലുണ്ടായിരുന്നു. മൂത്തമകള്‍ ആര്യ സ്കൂളില്‍നിന്നു വന്നിരുന്നില്ല.
കനത്ത മഴയില്‍ വീടിന്റെ പിന്‍വശത്തെ കട്ടകെട്ടിയ ഭാഗം ഇടിഞ്ഞുവീഴുകയും കുട്ടികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും നശിക്കുകയും ചെയ്തു. അയല്‍വാസിയുടെ വീട്ടിലാണ് അനീഷും കുടുംബവും കഴിഞ്ഞരാത്രി അന്തിയുറങ്ങിയത്
നെടുങ്കണ്ടത്ത് റോഡരികില്‍ ബിരിയാണി വില്പന നടത്തിയാണ് അനീഷും കുടുംബവും ജീവിക്കുന്നത്. വര്‍ഷങ്ങളായി വൈദ്യുതി പോലുമില്ലാതെ അസൗകര്യങ്ങളുടെ നടുവില്‍ ജീവിക്കുന്ന ഇവരുടെ വീട് നശിച്ചതോടെ ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം.