പഞ്ചായത്ത് യുപി സ്കൂളില് ട്രാഫിക് ഐലൻഡ്
1280237
Thursday, March 23, 2023 10:41 PM IST
നെടുങ്കണ്ടം: സ്വന്തമായി ട്രാഫിക് ഐലൻഡ് ഒരുക്കി നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂള്. റോഡപകടങ്ങള് വര്ധിച്ചുവരുന്ന സാഹചര്യത്തില് ഗതാഗത നിയമങ്ങള് കുട്ടികള്ക്ക് മനസിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളില് സീബ്രാ ക്രോസും ട്രാഫിക് സ്ഗ്നലുകളും അടങ്ങുന്ന ട്രാഫിക് ഐലൻഡ് രൂപകല്പന ചെയ്തത്.
പ്രീപ്രൈമറി കുട്ടികള്ക്ക് വെഹിക്കിള്സ് എന്ന പാഠഭാഗമുണ്ട്. ഇതിനോടനുബന്ധിച്ച് വിവിധ ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം നല്കുന്നതിനാണ് പുതുമയാര്ന്ന പ്രവര്ത്തനം സ്കൂള് അധികൃതര് നടത്തിയത്. 30 അടി, 20 അടി നീളത്തിലുള്ള രണ്ടു കോണ്ക്രീറ്റ് റോഡുകള് നിര്മിച്ച് ഇതില് പെയിന്റ് ചെയ്ത് റോഡാക്കി രൂപാന്തരപ്പെടുത്തുകയായിരുന്നു. ട്രാഫിക് ലൈറ്റുകളും ഇവിടെ സ്ഥാപിച്ചു.
സമഗ്ര ശിക്ഷാ കേരളത്തിന്റെ ധനസഹായത്തോടെ നെടുങ്കണ്ടം ബിആര്സിയുടെ നേതൃത്വത്തിലാണ് സ്കൂളില് ട്രാഫിക് ഐലന്ഡ് നിര്മിച്ചത്. അസി. മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര് എ.എസ്. പ്രദീപ്കുമാര് ട്രാഫിക് ഐലൻഡിന്റെ ഉദ്ഘാടനം നിര്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ബിന്ദു സഹദേവന്, സ്കൂള് എസ്എംസി ചെയര്മാന് ധനേഷ് കുമാര്, ബിപിസി പി.കെ. ഗംഗാധരന്, സ്കൂള് ഹെഡ്മാസ്റ്റര് സിബി പോള്, സ്റ്റാഫ് സെക്രട്ടറി ദീപു പ്രഭാകരന് എന്നിവര് പ്രസംഗിച്ചു.