സിപിഐ ജില്ലാ രാഷ്ട്രീയ പ്രചാരണ ജാഥയ്ക്ക് നാളെ തുടക്കം
1280233
Thursday, March 23, 2023 10:41 PM IST
തൊടുപുഴ: സിപിഐ ജില്ലാ രാഷ്ട്രീയ പ്രചാരണ ജാഥയ്ക്ക് നാളെ വട്ടവടയിൽ തുടക്കമാകുമെന്ന് ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരേയും എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള യുഡിഫ്-ബിജെപി കൂട്ടുകെട്ടിനെതിരേയുമാണ് 29 വരെ പ്രചാരണജാഥ സംഘടിപ്പിക്കുന്നത്.
എൽഡിഎഫ് സർക്കാർ ഭൂനിയമ ഭേദഗതി നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഭേദഗതികൾ അംഗീകരിക്കപ്പെടുന്നതോടെ ഇപ്പോഴത്തെ ഭൂപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കെ. സലിംകുമാറാണ് ജാഥാക്യാപ്റ്റൻ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ് മാത്യു വൈസ് ക്യാപ്റ്റനും സംസ്ഥാന കൗണ്‍സിൽ അംഗം കെ.കെ. ശിവരാമൻ ഡയറക്ടറുമാണ്.
രാഷ്ട്രീയ പ്രചാരണജാഥ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വട്ടവടയിൽ പി. സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. 29നു വൈകുന്നേരം അഞ്ചിന് ജാഥ തൊടുപുഴയിൽ സമാപിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രിൻസ് മാത്യു, പി. പളനിവേൽ, തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ്, മൂലമറ്റം മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.