റബർ ഇറക്കുമതി തീരുവ വർധിപ്പിച്ചതു സ്വാഗതാർഹം: എംപി
1263983
Wednesday, February 1, 2023 10:31 PM IST
തൊടുപുഴ: കേന്ദ്ര ബജറ്റിൽ റബർ കർഷകർക്ക് ആശ്വാസമായി കോന്പൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഡീൻ കുര്യാക്കോസ് എംപി. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേരളത്തിൽനിന്നുള്ള എംപിമാർ പാർലമെന്റിനകത്തും പുറത്തും സമരം ചെയ്തതിന്റെ ഫലമാണിത്.
റെയിൽവേയ്ക്കായി 2.40 ലക്ഷം കോടിയുടെ ബജറ്റ് വിഹിതം ഏർപ്പെടുത്തിയതും പുതിയ റെയിൽ പാതകൾ നിർമിക്കുന്നതിനായി 31,850 കോടി വകയിരുത്തിയതും ആശ്വാസമാണെങ്കിലും അങ്കമാലി-ശബരി പാത പുനർനിർമാണം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതൊഴിവാക്കിയാൽ കേരളത്തിന് ആശ്വാസമായി യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല.
സ്പൈസസ് ബോർഡ്, ടീ ബോർഡ്, കോഫി ബോർഡ്, റബർ ബോർഡ് തുടങ്ങിയവയ്ക്ക് കഴിഞ്ഞ തവണത്തെ അതേ ബജറ്റുവിഹിതമാണ് വകയിരുത്തിയിരിക്കുന്നത്.
ഏലം, കുരുമുളക് തുടങ്ങി നാണ്യവിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കാത്തതും തോട്ടം മേഖലയ്ക്കായി പ്രത്യേക പാക്കേജ് അംഗീകരിക്കാത്തതും പ്രതിഷേധാർഹമാണെന്നു എംപി പറഞ്ഞു.