ആന്ധ്രയിൽനിന്ന് കാൽനടയായി എത്തിയ അയ്യപ്പഭക്തന് വീണു പരിക്ക്
1246913
Thursday, December 8, 2022 11:04 PM IST
വണ്ടിപ്പെരിയാർ: കക്കിക്കവലയിൽനിന്നു സത്രം കാനനപാത വഴി ശബരിമല ദർശനത്തിനു പോയ അയ്യപ്പഭക്തന് പരിക്ക്. ആന്ധ്രാപ്രദേശിൽനിന്ന് 34 ദിവസം മുന്പ് പുറപ്പെട്ട് കാലൽനടയായി ശബരിമല ദർശനത്തിനെത്തി വണ്ടിപ്പെരിയാർ കക്കിക്കവലയിൽനിന്നു സത്രം കാനനപാതയിലൂടെ സന്നിധാനത്തേക്ക് പുറപ്പെട്ട അയ്യപ്പഭക്തരിൽ ഒരാൾക്കാണ് കല്ലിൽ തട്ടി വീണ് പരിക്കേറ്റത്. ഹൈദരാബാദിൽ നിന്നെത്തിയ മൂന്നംഗ സംഘത്തിലെ അക്ഷിതി(15)നാണ് പരിക്കേറ്റത്.
കാനനപാതയിൽ വഴി തെറ്റിയതിനെത്തുടർന്ന് ദുർഘട പാതയിലൂടെ സഞ്ചരിക്കവേ കല്ലിൽ തട്ടി വീഴുകയായിരുന്നു. സത്രത്തിൽനിന്നു കാനന പാതയിലേക്ക് കൃത്യമായ സൂചനാ ബോർഡ് സ്ഥാപിക്കാത്തതാണ് അപകടക കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
കാലിന് പരിക്കേറ്റ അയ്യപ്പഭക്തനെ നാട്ടുകാരുടെ സഹായത്തോടെ വണ്ടിപ്പെരിയാർ പ്രാഥമികാശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ ഡോക്ടർ ഇല്ലാതിരുന്നതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.