റോഡ് നിർമാണം നിലച്ചു; അപകടക്കെണിയായി മെറ്റൽകൂന
1246301
Tuesday, December 6, 2022 10:27 PM IST
മറയൂർ: മറയൂർ-കാന്തല്ലൂർ റോഡ് നിർമാണം തുടങ്ങിയെങ്കിലും മഴ ശക്തമായതോടെ വീണ്ടും നിർമാണം നിലച്ചു. നിർമാണത്തിനായി ഇറക്കിയ മെറ്റൽ റോഡിൽ ചിതറിക്കിടക്കുന്നത് അപകടത്തിനു കാരണമാകുന്നു.
കോവിൽക്കടവ് മുതൽ മറയൂർ വരെ കൂടുതൽ പൊട്ടിപ്പൊളിഞ്ഞ നാല് കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണിയാണ് രണ്ടാഴ്ച മുന്പ് തുടങ്ങിയത്. രണ്ടുദിവസം പണി നടത്തിയെങ്കിലും പിന്നീട് പണികൾ ഒന്നും നടന്നില്ല. മഴ ആരംഭിച്ചതോടെ റോഡ് പണി പൂർണമായും നിലച്ചു.
പണിക്കായി റോഡിന്റെ വശങ്ങളിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റലുകൾ വാഹനങ്ങൾ കയറി റോഡിൽ ചിതറിക്കടക്കുകയാണ് ഇതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി.