ജനവാസ മേഖലയിലെ തോട്ടിൽ ശുചിമുറി മാലിന്യം തള്ളി
1245707
Sunday, December 4, 2022 10:28 PM IST
വെള്ളിയാമറ്റം: ഇളംദേശം സെന്റ് ജോസഫ്സ് എൽപി സ്കൂളിനു സമീപത്തെ തോട്ടിലേക്ക് ഇന്നലെ ശുചിമുറി മാലിന്യം തള്ളിയതായി പരാതി. സ്കൂളിനു സമീപത്തുള്ള കലുങ്കിനോട് ചേർന്നാണ് ഇന്നലെ പുലർച്ചെ ശുചിമുറി മാലിന്യം തള്ളിയത്. 150ലേറെ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളും നിരവധി വീടുകളുമുള്ള സ്ഥലത്താണ് ശുചിമുറിമാലിന്യം തള്ളിയത്.
വടക്കനാറിലേക്കും മലങ്കര ജലാശയത്തിലേക്കുമാണ് തോട്ടിൽനിന്നു വെള്ളം ഒഴുകിയെത്തുന്നത്. മാലിന്യം തള്ളിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വീടുകളിൽനിന്നുള്ള ശുചിമുറി മാലിന്യം എറണാകുളം ബ്രഹ്മപുരത്തെ പ്ലാന്റിലാണ് എത്തിക്കുന്നത്. എന്നാൽ കരാർ എടുത്തവർ പണം തട്ടാൻ വേണ്ടി ഉടമയറിയാതെ തോട്ടിൽ മാലിന്യം തള്ളുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ആരോഗ്യവകുപ്പ് അധികൃതരെത്തി ബ്ലീച്ചിംഗ് പൗഡർ തോട്ടിൽ വിതറി. നാട്ടുകാരുടേയും ആരോഗ്യ വകുപ്പിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊങ്കാല മഹോത്സവം
കട്ടപ്പന: നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവും കാർത്തികവിളക്കും എഴിനു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 9.20ന് ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ സാന്നിധ്യത്തിൽ ക്ഷേത്രമേൽശാന്തി കൃഷ്ണൻ എംബ്രാന്തിരി ഭണ്ഡാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല മഹോത്സവത്തിനു തുടക്കമാകും.
ലഹരിവിരുദ്ധ സദസ് നടത്തി
തൊടുപുഴ: കെഎസ്എസ്പിയു മണക്കാട് യൂണിറ്റ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും പെൻഷൻകാരും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. സാംസ്കാരികവേദി കണ്വീനർ വി.എസ്. ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എസ്. ശ്രീകല, കെ.ജി. ശശി, എൽ. ശ്രീദേവി തുടങ്ങിയവർ പ്രസംഗിച്ചു.