ദേശീയ ഗെയിംസിൽ കേരളത്തിന് മെഡലുമായി ദേവപ്രിയ
1227856
Thursday, October 6, 2022 10:52 PM IST
കോന്നി: അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം എട്ടുപേരുടെ തുഴച്ചിൽ മത്സരത്തിൽ കോന്നി സ്വദേശി ദേവപ്രിയയ്ക്കു സ്വർണം. കോന്നി അതിരുങ്കൽ കൈതയ്ക്കൽ ദിലീപ് അതിരങ്കലിന്റെയും പ്രശാന്തയുടെയും മകളാണ്.
കേരളത്തിൽനിന്ന് സായിയുടെ ആറുപേരും സ്പോർട്സ് കൗൺസിലിൽനിന്നു രണ്ടുപേരുമടക്കം എട്ടുപേരാണ് മത്സരത്തിൽ പങ്കെടുത്തത്. സ്പോർട്സ് കൗൺസിലിന്റെ പ്രതിനിധിയായിരുന്നു ദേവപ്രിയ. കഴിഞ്ഞ ജൂണിൽ ശ്രീനഗറിൽ നടന്ന സബ്ജൂണിയർ ഇന്റർസ്റ്റേറ്റ് ചാലഞ്ചർ നാഷണൽ റോവിംഗ് ചാന്പ്യൻഷിപ്പിലും ദേവപ്രിയ സ്വർണം നേടിയിരുന്നു.
2021ൽ പൂനെയിൽ നടന്ന ജൂണിയർ വിഭാഗത്തിൽ വെങ്കലം നേടിയിരുന്നു. ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിനു കീഴിൽ നാലുവർഷമായി തുഴച്ചിൽ പരിശീലനം നടത്തിവരികയാണ്. ആലപ്പുഴ സെന്റ് ജോസഫ് കോളജിൽ ബികോം ഒന്നാംവർഷ വിദ്യാർഥിനിയാണ്.
കോന്നി അമൃത വിദ്യാലയത്തിൽ ഒന്പതാംക്ലാസിൽ പഠിക്കുന്പോഴാണ് സ്പോർട്സ് കൗൺസിലിൽ സെലക്ഷൻ ലഭിക്കുന്നത്. അച്ഛൻ ദിലീപ് അതിരുങ്കൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ്.