മാർക്കറ്റിലെ ഗർത്തം അപകടഭീഷണി ഉയർത്തുന്നു
1227836
Thursday, October 6, 2022 10:48 PM IST
കട്ടപ്പന: നഗരസഭയുടെ അധീനതയിലുള്ള മത്സ്യ - മാംസ മാർക്കറ്റിലേക്കുള്ള പ്രവേശനകവാടത്തിൽ രൂപപ്പെട്ട ഗർത്തം യാത്രക്കാർക്ക് ഭീഷണിയാകുന്നു. രണ്ടാഴ്ച മുൻപാണ് കട്ടപ്പന മത്സ്യ-മാംസ മാർക്കറ്റിലേക്കുള്ള പ്രവേശനകവാടത്തിൽ അഴുക്കുചാൽ കടന്നുപോകുന്ന ഭാഗത്ത് സ്ലാബ് തകർന്ന് ഗർത്തം രൂപപ്പെട്ടത്.
ചരക്കുമായെത്തുന്ന വലിയ വാഹനങ്ങൾ അടക്കം ദിനംപ്രതി മാർക്കറ്റിലേക്ക് എത്തുന്നതോടെ ഗർത്തത്തിന്റെ വ്യാസം വർധിച്ച് കൂടുതൽ അപകടത്തിലായി. കാൽനട യാത്രക്കാരുടെ കാൽ ഗർത്തത്തിൽ അകപ്പെടാതിരിക്കാൻ കല്ലും ഇഷ്ടികയുമുപയോഗിച്ച് കച്ചവടക്കാർ ബദൽ മാർഗം ഒരുക്കിയിരിക്കുകയാണ്.
ഗർത്തം രൂപപ്പെട്ടതിന് എതിർവശത്തായി അഴുക്കുചാലിന്റെ സ്ലാബുകൾ തകർന്ന നിലയിലാണ്. ഇവ പുനഃസ്ഥാപിക്കുന്നതിനൊപ്പം ഗർത്തം രൂപപ്പെട്ടത് നികത്തി അപകടഭീഷണി ഒഴിവാക്കണമെന്നാണ് മാർക്കറ്റിനുള്ളിലെ വ്യാപാരികളും കാൽനടയാത്രികരും ആവശ്യപ്പെടുന്നത്.