റബറിന് 250 രൂപ വേണം: കേരള കോണ്ഗ്രസ്
1227523
Wednesday, October 5, 2022 10:36 PM IST
മുട്ടം: റബറിന് ന്യായവില ലഭിക്കാത്തതിനാൽ 12 ലക്ഷത്തോളം വരുന്ന കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നും കിലോയ്ക്ക് 250 രൂപയെങ്കിലും ലഭിക്കുന്ന വിധത്തിൽ റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം പുതുക്കണമെന്നും കേരള കോണ്ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഓരോ ദിവസവും റബർവില കുറയുകയാണ്. എന്നാൽ ഉത്പാദനച്ചെലവ് ക്രമാതീതമായി വർധിക്കുകയും ചെയ്തു. റബറിന് 250 രൂപ നൽകുമെന്ന് പ്രകടനപത്രിയിൽ പ്രഖ്യാപിച്ച സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെ.ടി. അഗസ്റ്റിൻ കള്ളികാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലംപറന്പിൽ, പഞ്ചായത്തംഗങ്ങളായ ഷേർളി അഗസ്റ്റിൻ, മേഴ്സി ദേവസ്യ, ജില്ലാ വൈസ് പ്രസിഡന്റ് പരീത് കാനാപ്പുറം, സി.എച്ച്. ഇബ്രാഹിംകുട്ടി, ജെയിൻ മ്ലാക്കുഴിയിൽ, ബേബി ജോസ് മുണ്ടക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കമ്മിറ്റി രൂപീകരിച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു.