കണ്ടെയ്നറിൽ ഉടക്കി മത്സ്യബന്ധന വല നശിച്ചു
1572334
Thursday, July 3, 2025 12:05 AM IST
അന്പലപ്പുഴ: കണ്ടെയ്നറിൽ ഉടക്കി മത്സ്യബന്ധന വല നശിച്ചു. അമ്പലപ്പുഴ കോമന പുതുവൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ശബരിമല അയ്യൻ എന്ന വീഞ്ച് വള്ളത്തിന്റെ വലയാണ് നശിച്ചത്. രാവിലെ തോട്ടപ്പള്ളി തുറമുഖത്തുനിന്നാണ് 34 തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനു പുറപ്പെട്ടത്. ആലപ്പുഴ പടിഞ്ഞാറ് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് വല കണ്ടെയ്നറിൽ ഉടക്കി നശിച്ചത്.
പിന്നീട് മറ്റു വള്ളക്കാരും കൂടി സഹായിച്ചാണ് വലയെടുത്തത്. ഏകദേശം ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വല പിന്നീട് പുറക്കാടെത്തിച്ച് തകരാർ പരിഹരിച്ചു തുടങ്ങി. നിരവധി തൊഴിലാളികൾ ഒരാഴ്ചയിലധികം ജോലി ചെയ്താലേ വല മത്സ്യ ബന്ധനത്തിന് പ്രയോജനകരമാകുന്ന രീതിയിലാക്കാൻ കഴിയൂ. ഒരു മാസം മുൻപുണ്ടായ കപ്പലപകടത്തിനു പിന്നാലെ കടലിൽ നിരവധി കണ്ടെയ്നറുകൾ കിടക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയായിരിക്കുകയാണ്.
ട്രോളിംഗ് നിരോധന കാലയളവായതിനാൽ പ്രതീക്ഷകളോടെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്കുപോകുന്നത്. എന്നാൽ, കണ്ടെയ്നറുകളിൽ ഉടക്കി വല നശിക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഒരാഴ്ച മുമ്പ് പുന്നപ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ വലയും മത്സ്യബന്ധനത്തിനിടെ കണ്ടെയ്നറിൽ ഉടക്കി നശിച്ചിരുന്നു. ഈ അപകടത്തിൽ വലയും മത്സ്യവും നശിച്ചതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.