വിവരാവകാശ കമ്മീഷന് സിറ്റിംഗ്: ജില്ലയില്‍ 99 പരാതികൾ തീര്‍പ്പാക്കി
1576446
Thursday, July 17, 2025 4:14 AM IST
പത്തനംതിട്ട: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന വിവരാവകാശ കമ്മീഷന് സിറ്റിംഗില്‍ 99 പരാതികൾ തീര്‍പ്പാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടു ദിവസമായാണ് സിറ്റിംഗ് നടന്നത്.
റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. വിവരാവകാശ നിയമം സംബന്ധിച്ച് ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ബോധവത്കരണക്ലാസ് നല്കാന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് കമ്മീഷണര്‍ പറഞ്ഞു.
വിവരാവകാശ നിയമം അനുസരിച്ച് ലഭിക്കുന്ന അപക്ഷയ്ക്ക് നല്കുന്ന വിവരം പൂര്‍ണവും വ്യക്തവും ആയിരിക്കണം. അല്ലെങ്കില്‍ മറുപടി നല്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.