ഡോക്ടർമാരുടെ പുനർവിന്യാസം പൂർത്തിയായില്ല; ചികിത്സാ സംവിധാനം താളം തെറ്റും
1576433
Thursday, July 17, 2025 3:40 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്ക് അടയ്ക്കുന്നതോടെ നിലയ്ക്കുന്ന ചികിത്സാ സംവിധാനങ്ങൾ പൂർണമായി ഏറ്റെടുക്കാനാകാതെ കോന്നി മെഡിക്കൽ കോളജ്. ഗൈനക്കോളജി യൂണിറ്റ് മാത്രമാകും പൂർണമായി മാറ്റുന്നത്. അവിടെയും ഡോക്ടർമാരുടെ കുറവ് സംവിധാനങ്ങളെ ബാധിക്കും.
ജനറൽ ആശുപത്രിയിൽ ബി ആൻഡ് സി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന ശസ്ത്രക്രിയ വിഭാഗങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റാനാണ് തീരുമാനം. 23 മുതൽ ഇവ കോന്നി മെഡിക്കൽ കോളജിൽ പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പറയുന്നത്. എന്നാൽ ഇതിനു മുന്പായി ഡോക്ടർമാരുടെ പുനർവിന്യാസം അടക്കം പൂർത്തിയാകണം.
ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ കോന്നി മെഡിക്കൽ കോളജിലേക്ക് നിയോഗിക്കാനാകില്ല. മെഡിക്കൽ കോളജ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ്. ജനറൽ ആശുപത്രി ഒപിയിൽ പരിശോധനയ്ക്കു വിധേയമാകുന്ന ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ കോന്നിയിലെത്തിച്ച് അതു നിർവഹിക്കുകയെന്നതാണ് പ്ലാൻ.
ജനറൽ ആശുപത്രിയിലെ ഡോക്ടർ വേണം മെഡിക്കൽ കോളജിലെത്തി ശസ്ത്ര ക്രിയ നടത്തേണ്ടത്. ശസ്ത്രക്രിയയ്ക്കുശേഷം ഈ ഡോക്ടർ മടങ്ങും. തുടർന്ന് മെഡിക്കൽ കോളജിലെ ഐപി വിഭാഗത്തിൽ രോഗിയെ കിടത്തുമെങ്കിലും അവിടെയുള്ള ഡോക്ടർമാർ ഈ രോഗിയെ പരിശോധിക്കണമെന്നില്ല. 18 കിലോമീറ്റർ അകലെയുള്ള ജനറൽ ആശുപത്രിയിൽ ഒപിയും മെഡിക്കൽ കോളജിൽ സർജറിയും എന്ന നിലയിലുള്ള ചികിത്സാ സംവിധാനത്തിലെ അപ്രായോഗികത ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നു.
ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ പൂർണമായി മെഡിക്കൽ കോളജിലേക്ക് മാറ്റി ഉത്തരവിടാനുമാകാത്ത സ്ഥിതിയാണ്. മറ്റൊരു വകുപ്പിനു കീഴിലുള്ള മെഡിക്കൽ കോളജിലേക്ക് മാറാൻ ആരോഗ്യവകുപ്പിനു കീഴിലുള്ള ഡോക്ടർമാർക്കു താത്പര്യമില്ല.
മെഡിക്കൽ കോളജിലാകട്ടെ നിലവിൽ ഡോക്ടർമാരുടെ കുറവുണ്ട്. ഗൈനക്കോളജി വിഭാഗം കോന്നി മെഡിക്കൽ കോളജുമായി ചേർന്ന് ഒറ്റ യൂണിറ്റായി പ്രവർത്തിക്കാനാണ് ഉത്തരവ്. എന്നാൽ ഡോക്ടർമാരുടെ നിയമനത്തെ സംബന്ധിച്ചു പറയുന്നില്ല. നിലവിൽ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരും മെഡിക്കൽ കോളജിൽ ഒരു ഡോക്ടറുമാണുള്ളത്. ഒറ്റ യൂണിറ്റെന്ന പ്രവർത്തനത്തിന് കുറഞ്ഞത് ഏഴ് ഡോക്ടർമാർ വേണം.
ഇതിനിടെ ജനറൽ ആശുപത്രിയിൽ ലേബർ യൂണിറ്റിന്റെ ഒരു ഭാഗം തുടരണമെന്ന നിർദേശം ഉണ്ടായിട്ടുണ്ട്. ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് കൂടാതെ അസ്ഥിരഗവിഭാഗം, ജനറൽ സർജറി, ഇഎൻടി എന്നിവയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്.
സിടി സ്കാനർ ഉൾപ്പെടെ സംവിധാനങ്ങൾ ജനറൽ ആശുപത്രിയിലാണ്. മെഡിക്കൽ കോളജിൽ ഐപി വിഭാഗത്തിലുള്ള രോഗികൾക്ക് അടിയന്തര ആവശ്യങ്ങളുണ്ടായാൽ ചികിത്സയെ സംബന്ധിച്ചും തർക്കമുണ്ടാകാം. ഇത്തരം വിഷയങ്ങളിൽ ഡോക്ടർമാരുമായി കൂടിയാലോചന ഉണ്ടായിട്ടില്ല.