മനോജ് മാഷിന്റെ പുസ്തകം കുട്ട്യോളും മാഷുമാരും പുറത്തിറക്കി
1576163
Wednesday, July 16, 2025 6:19 AM IST
പത്തനംതിട്ട: സ്വന്തം മാഷിന്റെ പുസ്തകം പുറത്തിറക്കാൻ മുഖ്യാതിഥികളായി അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് പ്രമാടം നേതാജി സ്കൂളിലെ കുട്ടികൾ. സ്കൂൾ അസംബ്ലിയിൽ നടന്ന പ്രകാശന പരിപാടിയിൽ മുഖ്യാതിഥികളായി കുട്ടികൾ മുൻനിരയിൽ നിന്നു.
പ്രമുഖ നാടക പ്രവർത്തകനും മലയാളം അധ്യാപകനുമായ നാടകക്കാരൻ മനോജ് സുനിയുടെ കുട്ടീം മാഷും എന്ന തിയറ്റർ കാരിക്കേച്ചറുകളാണ് സ്കൂളിലെ വായനക്കാരായ കുട്ടികളും അധ്യാപകരും ജീവനക്കാരും ചേർന്ന് പ്രകാശനം നിർവഹിച്ചത്. തങ്ങൾക്ക് ഉന്നയിക്കാൻ തോന്നിയ ചോദ്യങ്ങളാണ് ഈ പുസ്തകത്തിലെ കഥാപാത്രമായ കുട്ടി മാഷിനോട് പങ്കു വയ്ക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസത്തെ സംബന്ധിച്ച നൂതനമായ തന്റെ സങ്കല്പങ്ങളാണ് പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യവേദിയും മലയാള വിഭാഗവും ചേർന്നാണ് പ്രകാശന പരിപാടിക്ക് വേറിട്ട മുഖം നൽകിയത്. 60 മാഷുമാരും 60 കുട്ടികളുമാണ് മുഖ്യാതിഥികളായി പങ്കെടുത്തത്. പിടിഎ പ്രസിഡന്റ് ഫാ. ജിജി തോമസ്, പ്രഥമാധ്യാപിക സി. ശ്രീലത, പ്രിൻസിപ്പൽ ബി. ആശ, സ്റ്റാഫ് സെക്രട്ടറി വി. എം. അമ്പിളി,അധ്യാപകരായ കെ. ജെ. ഏബ്രഹാം, അജി ഡാനിയേൽ, നാടകക്കാരൻ മനോജ് സുനി തുടങ്ങിയവർ പ്രസംഗിച്ചു.