അണ്ടർ 17 ഫുട്ബോൾ ക്യാന്പിലേക്ക് സെലക്ഷൻ; സോനയെ ആദരിച്ച് മന്ത്രി കേളു
1576437
Thursday, July 17, 2025 3:40 AM IST
പന്തളം: അണ്ടര്‍ 17 ഇന്ത്യന്‍ ഫുട്ബോള്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്. സോനയെ മന്ത്രി ഒ. ആർ. കേളു ആദരിച്ചു. ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സോനയ്ക്ക് കഴിയട്ടേയെന്ന് മന്ത്രി ആശംസിച്ചു.
തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ സ്പോര്‍ട്സ് എംആര്‍എസിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് സോന. സ്പോര്‍ട്സ് എംആർഎസില്‍ നിന്ന് ഇന്ത്യന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കുട്ടിയുമാണ്.
അഞ്ചാം ക്ലാസ് മുതല്‍ വെള്ളായണിയില്‍ പഠിക്കുന്ന സോന പത്തനംതിട്ട കുളനട പാണില്‍ മലയുടെ വടക്കേതില്‍ സോമന് -വിനീത ദമ്പതികളുടെ മകളാണ്. സൈനു സഹോദരനാണ്.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഡി. ധര്‍മലശ്രീ, അഡീഷണല്‍ ഡയറക്ടര്‍ വി. സജീവ്, ഫുട്ബോള്‍ കോച്ച് ജൂഡ് ആന്റണി, സ്പോര്‍ട്സ് ഓഫീസര്‍ എസ്. സജു കുമാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.