കൊടുമൺ ഒറ്റത്തേക്കിൽ അജ്ഞാതജീവി വളർത്തുകോഴികളെ കൊന്നു
1576165
Wednesday, July 16, 2025 6:19 AM IST
കൊടുമൺ: ഒറ്റത്തേക്കിൽ അജ്ഞാത ജീവി കോഴികളെ കൊന്നു. ഒറ്റത്തേക്ക് പ്ലാവിള വടക്കേതിൽ ബിജുവിന്റെ പതിനഞ്ചോളം വളർത്തുകോഴികളെയാണ് അജ്ഞാത ജീവി കൊന്നത്. ചൊവ്വാഴ്ച പുലർച്ചെ വീട്ടുകാർ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് കോഴികൾ ചത്തു കിടക്കുന്നത് കണ്ടത്.
കൂടു തുറന്ന് ഉള്ളിൽ കടന്നാണ് കോഴികളെ കടിച്ചു കൊന്നത്. കൊടുമൺ റബർ പ്ലാന്റേഷൻ മേഖലയോടു ചേർന്ന പ്രദേശമാണിത്. റബർ തോട്ടങ്ങളിൽ കാട് വളർന്നു കിടക്കുന്നതിനാൽ വിവിധ ജീവികൾക്ക് ഒളിച്ചിരിക്കാൻ കഴിയുന്നതായി നാട്ടുകാർപറഞ്ഞു. പ്രദേശത്ത് മിക്ക ദിവസങ്ങളിലും കാട്ടുമ്യഗങ്ങളുടെ ശല്യമുണ്ട്. തോട്ടങ്ങളിലെ കാട് തെളിക്കുന്ന ജോലികൾ നടന്നിട്ട് ഏറെനാളായതായി നാട്ടുകാർ പറഞ്ഞു.
പുലർച്ചെ ടാപ്പിംഗിന് വരുന്ന ജോലിക്കാരും ഭീഷണിയിലാണ്. കാട്ടുപന്നി ടാപ്പിംഗ് തൊഴിലാളികളെ ആക്രമിക്കുന്നതു പതിവായിരിക്കുകയാണ്. ഇതിനൊപ്പം മുള്ളൻ പന്നി, കുറുക്കൻ, വള്ളിപ്പൂച്ച തുടങ്ങിയവയുടെ സാന്നിധ്യവും പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു.