സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിൽ: മന്ത്രി മുഹമ്മദ് റിയാസ്
1576162
Wednesday, July 16, 2025 6:19 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കോന്നി ഏനാദിമംഗലം പഞ്ചായത്ത് ചാങ്കൂർ അമ്പലം ജംഗ്ഷനിൽ ആധുനിക നിലവാരത്തിലുള്ള വിവിധ റോഡുകളുടെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ ബിഎം ബിസി സാങ്കേതിക വിദ്യയിൽ 3.35 കോടി രൂപ അനുവദിച്ച് നിർമിക്കുന്ന പുത്തൻചന്ത - തേപ്പുപാറ റോഡ്, 5.56 കോടി രൂപ അനുവദിച്ച് നിർമിക്കുന്ന മങ്ങാട് - കുന്നിട - ചെളിക്കുഴി റോഡ്, വിവിധ ഗ്രാമീണ റോഡുകൾ എന്നിവയുടെ നിർമാണോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
അഞ്ചു വർഷംകൊണ്ട് 15,000 റോഡുകൾ ബിഎംബിസി നിലവാരത്തിലേക്ക് മാറ്റുകയെന്ന ലക്ഷ്യം പൊതുമരാമത്ത് വകുപ്പ് മൂന്നര വർഷത്തിനുള്ളിൽ പൂർത്തീകരിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ മുഴുവൻ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.