ടിപ്പറും മണ്ണുമാന്തിയും ഓടിച്ച് റീൽസാക്കി 17 കാരൻ; ഉടമയ്ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്
1576157
Wednesday, July 16, 2025 6:19 AM IST
തിരുവല്ല: പതിനേഴുകാരന് ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലിട്ടു. പോലീസ് റിപ്പോര്‍ട്ടില്‍ ഉടമയ്ക്ക് 10,000 രൂപ പിഴയും ആശുപത്രിയില്‍ മൂന്നു ദിവസത്തെ സാമൂഹിക സേവന ശിക്ഷയും വിധിച്ച് തിരുവല്ല ജോയിന്റ് ആർടിഒയുടെ ഉത്തരവ്.
കവിയൂര്‍ പടിഞ്ഞാറ്റുശേരി കാട്ടാശേരിയിൽ കുഞ്ഞുമോനാണ് ശിക്ഷണ നടപടികൾക്കു വിധേയനായത്. മറ്റൊരു കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി വന്നതിനേ തുടർന്നാണ് പ്ലസ്ടു വിദ്യാർഥിയിൽ നിന്നും പോലീസ് വിവരങ്ങൾ തിരക്കിയറിഞ്ഞത്.
ഇതിനിടെയാണ് ജെസിബിയും ടിപ്പറും ഓടിച്ചതും ദൃശ്യങ്ങള്‍ റീല്‍സ് ആയി സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇട്ടതും കുട്ടി വെളിപ്പെടുത്തിയത്.
പോലീസ് ഇന്‍സ്പെക്ടര്‍ എസ്.സന്തോഷാണ് മോട്ടോർ വാഹനവകുപ്പിനു റിപ്പോർട്ട് അയച്ചത്. നടപടി വന്നതോടെ കുട്ടി വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഡിലീറ്റ് ചെയ്തു.