കെഎസ്ഇബി പെരുനാട് എഇയെ തടഞ്ഞുവച്ചു
1576435
Thursday, July 17, 2025 3:40 AM IST
പെരുനാട്: കക്കുടിമൺ - അത്തിക്കയം - ശബരിമല പാതയിലെ അപകടക്കെണി നില്ക്കുന്ന വൈദ്യുതിത്തുണുകൾ മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് റാന്നി നിയോജക മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കെഎസ്ഇബി റാന്നി പെരുനാട് അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു.
അസിസ്റ്റന്റ് എൻജിനിയറെ സമരക്കാർ തടഞ്ഞുവച്ചു. റോഡ് വീതികൂട്ടി പൂട്ടുകട്ട പാകുന്ന പണികൾ നടക്കുകയാണ്. എന്നാൽ വൈദ്യുതിത്തുണുകൾ റോഡിന്റെ മധ്യത്തിൽ നിന്നു മാറ്റിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വൈദ്യതി വകുപ്പുകളുടെ ഏകോപനം ഇല്ലെന്നുള്ള ആക്ഷേപവും മുന്പ് ഉയർന്നിരുന്നു. ഇതുമൂലം ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഇവിടെ വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഒരു ചുമട്ടു തൊഴിലാളി മരിച്ചു. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചതിന് ശേഷം റോഡ് പണികൾ നടത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ, പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആരോൺ ബിജിലി പനവേലിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് കക്കാട്ടുകുഴി, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സുനിൽ യമുന, ജെറിൻ പ്ലാച്ചേരിൽ, വാർഡ് മെബർ റെജി വാലുപുരയിടം എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.