തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം; ഭവനസന്ദർശനത്തിനു പ്രാമുഖ്യം
1576445
Thursday, July 17, 2025 4:14 AM IST
കോഴഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സിപിഎം ഒരുങ്ങുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുതല ശില്പശാല കഴിഞ്ഞു. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവുമാണ് പഞ്ചായത്തുതല ശില്പശാലയില് പങ്കെടുത്തിരുന്നത്.
ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറിമാരെ നിശ്ചയിച്ചു. ഇവരും ബൂത്തു സെക്രട്ടറിമാർ, വാര്‍ഡില്‍ നിന്നുളള ലോക്കല്‍ കമ്മിറ്റി, ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവരായിരുന്നു ആദ്യഘട്ടത്തിലെ ശില്പശാലയില് പങ്കെടുത്തിരുന്നത്. 20 ന് രണ്ടാംഘട്ട ശില്പശാല ആരംഭിക്കും.
ഓരോ വാര്‍ഡിലെയും പാര്‍ട്ടിയംഗങ്ങൾ, ബൂത്തു സെക്രട്ടറിമാര്‍, വാര്‍ഡ് സെക്രട്ടറിമാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ഓരോ വാര്‍ഡും ഓരോ ഏരിയ കമ്മിറ്റിയംഗത്തിന്റെ പൂര്‍ണ ചുമതലയിലാണ്. ഇവരാണ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. തുടര്‍ന്ന് ഭവന സന്ദര്‍ശനം ആരംഭിക്കും. മൂന്നു പേരടങ്ങുന്ന സംഘം ഭവനസന്ദർശനം നടത്താനാണ് നിർദേശം.
സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിവിധയിനം ക്ഷേമ പെന്‍ഷനുകള്‍, വിവാദമായിരിക്കുന്ന ആശ സമരത്തെപറ്റിയുള്ള വിവരണം, വികസന കാഴ്ചപ്പാടുകള്‍ എന്നിവ വീടുകൾ കയറി വിശദീകരിക്കണം. അതിനോടൊപ്പം വീട്ടുകാരുടെ നിർദേശങ്ങൾ സ്വീകരിക്കുകയും സർക്കാരിനെക്കുറിച്ചും പാർട്ടിയെക്കുറിച്ചുമുള്ള പ്രതികരണം ആരായുകയും വേണം.
വിമര്‍ശനങ്ങള്‍ക്കും വീട്ടുകാരുടെ മറ്റു പ്രശ്നങ്ങള്‍ക്കും മറുപടിയും പരിഹാരവും നല്‍കണം. പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ പരിഹാരം കാണേണ്ട വിമർശനങ്ങൾ മേൽഘടകങ്ങളിൽ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ ഏറ്റവും കൂടുതല്‍ കൊടുക്കുന്ന സംസ്ഥാനം കേരളമാണെന്നു ബോധവത്കരിക്കുകയും സഹകരണ സംഘങ്ങള്‍ വഴിയുള്ള പെന്ഷന് ലഭിക്കുന്നതിന് എന്തെങ്കിലും തടസങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുകയും വേണമെന്നും പറയുന്നു.
സ്ഥാനാർഥി നിർണയം വിജയസാധ്യത പരിഗണിച്ച്
ഭവന സന്ദർശനത്തേ തുടർന്നുള്ള അഭിപ്രായ രൂപീകരണം കൂടി മാനിച്ചാകണം വാർഡുകളിൽ സ്ഥാനാർഥി നിർണയമെന്നാണ് നിർദേശം. വിജയ സാധ്യത മാത്രമുള്ള സ്ഥാനാർഥികളെ മാത്രമായിരിക്കണം മത്സരിപ്പിക്കേണ്ടത്. ജനകീയ അടിത്തറ ഉള്ളവരെ മാത്രമേ സ്ഥാനാർഥിത്വത്തിലേക്കു പരിഗണിക്കാവൂവെന്നും താഴേഘടകങ്ങളിലേക്കു നിർദേശം നൽകിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി വാര്‍ഡുതലത്തിലുള്ള പാര്‍ട്ടി കമ്മിറ്റിയുടെ ഇടപെടല്‍ ഉണ്ടാവണം. എന്നാല്‍ പാര്‍ട്ടിയുടെ ചിഹ്നമോ അടയാളമോ ഉണ്ടാകാന്‍ പാടില്ല. ജനങ്ങളുടെ കൂട്ടായ്മ എന്ന പേരിൽ വാട്സ്ആപ്പ് കൂട്ടായ്മകൾ രൂപീകരിച്ച് കൂടുതൽ പേരെ ഇതിൽ ചേർക്കണം.
കഴിഞ്ഞ കാലങ്ങളില്‍ വ്യത്യസ്ത കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നും അകന്നുനില്ക്കുന്നവരെ തിരിച്ചുകൊണ്ടുവരാനുള്ള ഇടപെടല്‍ ഉണ്ടാവണം. സാമൂഹ്യ പെന്ഷന് വാങ്ങുന്നവരുടെയും മറ്റും പ്രത്യേക യോഗങ്ങളും വിളിച്ചു ചേര്‍ക്കാനും നിർദേശമുണ്ട്.