പഞ്ചായത്ത് സേവനങ്ങൾ പൂർണമായും ഓൺലൈനാകും: മന്ത്രി എം.ബി. രാജേഷ്
1576164
Wednesday, July 16, 2025 6:19 AM IST
അടൂർ: പഞ്ചായത്ത് സേവനങ്ങൾ പൂർണമായും ഓൺലൈൻ ആയി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എം. ബി. രാജേഷ്. കോന്നി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 65 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനവും പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനവും ചാങ്കൂർ അമ്പലം ജംഗ്ഷനിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പൊതുജനങ്ങൾ സേവനത്തിനായി പഞ്ചായത്ത് ഓഫീസുകൾ കയറി ഇറങ്ങുന്ന കാലം കഴിഞ്ഞു. ലോകത്ത് എവിടെ നിന്നും സ്മാർട് ഫോണിലൂടെ സേവനങ്ങൾ ഉപയോഗിക്കാം. ഓഫീസ് പ്രവർത്തനത്തിന് സുതാര്യത വർധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, കെ. രാജൻ എന്നിവർ ഓൺലൈനായി പങ്കെടുത്ത് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു. കെ. യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട്ട്, വൈസ് പ്രസിഡന്റ് ഉദയരശ്മി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ആർ. ബി. രാജീവ് കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.