ഉമ്മൻ ചാണ്ടി അനുസ്മരണം കാരുണ്യദിനമായി ആചരിക്കും
1576154
Wednesday, July 16, 2025 6:19 AM IST
കോന്നി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമവാർഷികം കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റി ‘ഓർമ്മയിൽ കുഞ്ഞൂഞ്ഞ് ’ എന്ന പരിപാടിയിലൂടെ മൂന്ന് ദിവസമായി കാരുണ്യ ദിനമായി ആചരിക്കും. ചരമദിനമായ 18 ന് രാവിലെ വാർഡ് കേന്ദ്രങ്ങളിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തും.
19 ന് ഉച്ചയ്ക്ക് കനിവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗാന്ധിഭവൻ ദേവലോകത്തിലെ അന്തേവാസികളോടൊപ്പം ഒത്തുചേരൽ അന്നുതന്നെ താലൂക്ക് ആശുപത്രി കിടപ്പുരോഗികൾക്ക് സ്നഹപ്പൊതിയും നൽകും. 20 ന് വൈകുന്നേരം നാലിന് കോന്നി ടൗണിൽ സ്നേഹസംഗമം പ്രാർഥനാ സദസ് സംഘടിപ്പിക്കും. ഉമ്മൻ ചാണ്ടി അനുസ്മരണ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി കൂടിയ യോഗം കെപിസിസി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു.
വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ഭാരത യാത്ര നടത്തിയ പ്രകാശ് പേരങ്ങാട് പി.സി.അലക്സാണ്ടർ, നോബി മാത്യു, മാത്യു ശാമുവേൽ എന്നിവരെ ആദരിച്ചു.
കേരള ട്രഡീഷണൽ ആർട്ടിസാൻ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. ആർ.അരുൺ കുമാർ , സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.