ബാലികയെ വെട്ടി പരിക്കേല്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം
1574251
Wednesday, July 9, 2025 4:01 AM IST
വെട്ടേറ്റത് അമ്മയ്ക്കു നേരേയുള്ള ആക്രമണം തടയുന്നതിനിടെ
പത്തനംതിട്ട: 12 വയസുള്ള പെണ്‍കുട്ടിയുടെ കൈപ്പത്തിക്ക് വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും. കൂടല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് പറങ്കാം തോട്ടത്തില്‍ ഗീവര്‍ഗീസ് തോമസി (അനിയൻകുഞ്ഞ്, 42) നെയാണ് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ജി.പി. ജയകൃഷ്ണന് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
പട്ടികജാതി,വര്‍ഗവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് പ്രകാരമാണ് ജീവപര്യന്തം ശിക്ഷിച്ചത്. ഗുരുതരമായി പരിക്കുകള്‍ ഏല്പിച്ചതിനു അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപയും, വീട്ടില്‍ അതിക്രമിച്ചുകടന്നതിനു മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷാകാലയളവ് ഒരുമിച്ചു അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കുട്ടിക്ക് നല്‍കാനും, ഒടുക്കിയില്ലെങ്കില്‍ വസ്തുക്കളില്‍ നിന്നും കണ്ടുകെട്ടി നല്‍കാനുള്ള നടപടി സ്വീകരിക്കാനും വിധിയില്‍ പറയുന്നു.
2016 മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്ത് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ഇയാളെ സംബന്ധിച്ചു കൂടല്‍ പോലീസില്‍ വിളിച്ചറിയിക്കുമെന്ന് പറഞ്ഞ അയല്‍വാസി മേടക്കര വീട്ടില്‍ പ്രിയ ദിലീപിനെയാണ് വെട്ടുകത്തിയുമായി ആക്രമിച്ചത്. ഈസമയം വീട്ടില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന 12 കാരിയായ മകള്‍ കൈകള്‍ കൊണ്ട് തടഞ്ഞു. കൈകള്‍ക്ക് വെട്ടേറ്റു, ഇടതുകൈപ്പത്തിക്ക് താഴെ റിസ്റ്റിന്റെ ഭാഗത്ത് പ്രധാന ഞരമ്പ് മുറിഞ്ഞു മാറി.
അതിന് താഴെയുള്ള അസ്ഥിക്ക് മുറിവും സംഭവിച്ചു. വലതു കൈവെള്ളഭാഗത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. കൂടാതെ, പ്രിയയും കുടുംബവും വീട് വിറ്റ് പോകാത്തതിലുള്ള മുന്‍വിരോധവും ആക്രമണകാരണമായി. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. കൂടല്‍ അഡിഷണല്‍ എസ്ഐ ആയിരുന്ന വി.ടി.രാജു കേസ് അന്വേഷണം നടത്തി.
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ അടൂര്‍ ഡിവൈഎസ്പി റഫീഖ് ആയിരുന്നു. പ്രോസിക്യൂട്ടര്‍മാരായ ടി ഹരികൃഷ്ണന്, ഹരി ശങ്കര്‍ പ്രസാദ് എന്നിവര്‍ കോടതിയില്‍ ഹാജരായായി.