ആംബുലൻസ് വേണം, വഴി വേണം; ക്വാറി അനുമതി വ്യവസ്ഥകൾ കടലാസിൽ
1574237
Wednesday, July 9, 2025 3:45 AM IST
പത്തനംതിട്ട: ക്വാറികൾക്ക് അനുമതി തേടുന്പോൾ പാലിക്കപ്പെടുമെന്ന് ഉറപ്പു നൽകുന്ന വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമട ദുരന്തത്തിനു കാരണം. ക്വാറികളിൽ പാറ പൊട്ടിക്കുന്പോൾ പാലിക്കപ്പെടേണ്ട വ്യവസ്ഥകളൊന്നും പാലിച്ചിരുന്നില്ല. സുരക്ഷാ ക്രമീകരണങ്ങളുമുണ്ടായില്ല.
പാറമടയുടെ ഉയരത്തിന് അനുസരിച്ച് കൃത്യ അളവുകളിൽ ബഞ്ചുകൾ ഉണ്ടാകണമെന്നും ഇതിലൂടെ വാഹനസൗകര്യം ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ അപകടമുണ്ടായ പാറമടയിലേക്ക് എത്തപ്പെടാൻ പോലും ബുദ്ധിമുട്ടായിരുന്നു. ഖനനസമയത്തു പാലിക്കേണ്ട വ്യവസ്ഥകളും ലംഘിക്കപ്പെട്ടു. ഏറ്റവുമടുത്ത് ആംബുലൻസ് സൗകര്യം ഉൾപ്പെടെ ഉറപ്പാക്കണമെന്ന് വ്യവസ്ഥയുണ്ട്.
ചെങ്കുളത്ത് ക്വാറിയിലെ അപകടം പോലും പുറംലോകത്തെത്തിയത് വൈകിയാണ്. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ അടക്കം കരുതണം. നിർമാണ സ്ഥലത്തു കരുതേണ്ട ജീവൻരക്ഷാ ഉപകരണങ്ങൾ ഒന്നും സ്ഥലത്തുണ്ടായില്ല.
പൊലിഞ്ഞത് നിത്യവൃത്തിക്കുവേണ്ടി എത്തിയ രണ്ട് ജീവിതങ്ങൾ
ജാർക്കണ്ടിൽ നിന്നും ഒഡീഷയിൽ നിന്നുമെത്തി ജോലി ചെയ്തു കുടുംബം പുലർത്തിവന്ന രണ്ടു പേരുടെ ജീവനാണ് പയ്യനാമൺ പാറമട ദുരന്തത്തിൽ പൊലിഞ്ഞത്. ഇരുവരുടെയും കുടുംബം അതാത് നാടുകളിലാണെന്ന് പറയുന്നു.
അടുത്ത സമയത്താണ് ഇവർ ക്വാറിയിൽ ജോലിക്കെത്തിയത്. ഇവരെപ്പോലെ നിരവധി ഇതര സംസ്ഥാനക്കാരാണ് കോന്നിയിലെ നിരവധി ക്വാറികളിൽ ജോലിയെടുക്കുന്നത്. ദിവസക്കൂലിക്കാരായ ഇവരെ നിയമിക്കുന്നതിനു പിന്നിലും ക്വാറി ഉടമകളുടെ ലാഭക്കൊതിയുണ്ട്.
നാട്ടുകാരായ തൊഴിലാളികൾക്ക് നല്കുന്ന കൂലി ഇവർക്കു നല്കാറില്ല. ക്വാറികളിലെ നിയമലംഘനങ്ങൾ ചോദ്യം ചെയ്യപ്പെടുകയുമില്ല. എന്നാൽ ക്വാറികളിലെ ജോലികളിൽ വൈദഗ്ധ്യമുള്ളവരല്ല ഏറെയും എത്തുന്നത്. അപകടകരമായ സാഹചര്യത്തിൽ ജോലിയെടുക്കുന്ന ഇവർക്ക് യാതൊരു സുരക്ഷയും ക്വാറി ഉടമകളും ഉറപ്പാക്കാറില്ല.