ആറന്മുള വള്ളസദ്യ: അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍
1573975
Tuesday, July 8, 2025 5:33 AM IST
പത്തനംതിട്ട: ആറന്മുള വള്ളസദ്യ വഴിപാടുകൾ, ഉത്രട്ടാതി ജലമേള എന്നിവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കും. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കും. വള്ളസദ്യയ്ക്കായി എത്തുന്ന പള്ളിയോടങ്ങളുടെ സുഗമ സഞ്ചാരത്തിന് നടപടി സ്വീകരിക്കും. അടിയന്തര വൈദ്യസഹായത്തിനായി ആരോഗ്യവകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തും. ക്ഷേത്ര പരിസരത്ത് അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കും. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാകും.
ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പോലീസിനു നിർദേശം നൽകും. വനിതാ പോലീസിനെ ഉള്‍പ്പെടെ മഫ്തിയില്‍ നിയോഗിക്കും. വാഹന പാര്‍ക്കിംഗിന് വ്യക്തമായ പദ്ധതി തയാറാക്കും.
അത്യാധുനിക സൗകര്യങ്ങളോടെ ഫയര്‍ യൂണിറ്റ് ക്രമീകരിക്കും. അപകടരഹിതമായും തര്‍ക്കങ്ങള്‍ ഒഴിവാക്കിയും വള്ളംകളി നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. വള്ളസദ്യ വഴിപാടുകള്‍ 13 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നടക്കും.
അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബര്‍ 14നും ഉത്രട്ടാതി ജലമേള സെപ്റ്റംബര്‍ ഒമ്പതിനും നടക്കും.തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഡെപ്യൂട്ടി കളക്ടര്‍ ആര് രാജലക്ഷ്മി, ബലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.