വിഷാംശമുള്ള കാലിത്തീറ്റ ഇറക്കുമതി ചെയ്താൽ കർശന നടപടി: മന്ത്രി ചിഞ്ചുറാണി
1573677
Monday, July 7, 2025 3:53 AM IST
കുന്നന്താനം: കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ചട്ടം ഉടൻ പ്രസിദ്ധികരിക്കുമെന്നും വിഷാംശമുള്ള കാലിത്തീറ്റ ഇറക്കുമതി ചെയ്യുന്നവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. കുന്നന്താനം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മൃഗാശുപത്രിക്ക് സ്വന്തം കെട്ടിടമില്ലാത്തയിടത്ത് പഞ്ചായത്തുകൾ സ്ഥലം കണ്ടെത്തിയാൽ നിർമാണത്തിന് വകുപ്പ് ഫണ്ട് നൽകും. ക്ഷീരകർഷകരുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പാലിന്റെ ആഭ്യന്തര ഉത്പാദനത്തിൽ വലിയ വർധനയുണ്ട്. മിൽമയ്ക്ക് ലഭിക്കുന്ന ലാഭത്തിൽനിന്ന് ക്ഷീരസംഘങ്ങൾവഴി വ്യത്യസ്തമായ ആനുകുല്യങ്ങൾ കർഷകർക്ക് നൽകുന്നുണ്ടെന്നും ചിഞ്ചുറാണി ചൂണ്ടിക്കാട്ടി.
മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് സന്തോഷ് പദ്ധതി വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് അനുവദിച്ച 60 ലക്ഷം രൂപയിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ,
കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.എൻ. മോഹനൻ, കുന്നന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. മധുസൂദനൻ നായർ,
സ്ഥിരം സമിതി അധ്യക്ഷരായ വി.എസ്. ഈശ്വരി, വി.സി. മാത്യു, മിനി ജനാർദനൻ, കുന്നന്താനം മൃഗാശുപത്രി സർജൻ ഡോ. പ്രീതി മേരി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.