മാർ അപ്രേം മെത്രാപ്പോലീത്ത മാരാമൺ കൺവൻഷൻ നഗറിൽ സ്ഥിര സാന്നിധ്യം
1573977
Tuesday, July 8, 2025 5:33 AM IST
പത്തനംതിട്ട: കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ് കാലം ചെയ്ത ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത മാരാമൺകൺവൻഷനിൽ ഏറെ വർഷങ്ങൾ സ്ഥിര സാന്നിധ്യം ആയിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന മാരാമൺ കൺവൻഷനിൽ ഒരു ദിവസമെങ്കിലും അദ്ദേഹം സ്ഥിരമായി പങ്കെടുക്കുമായിരുന്നു.
തൃശൂരിൽ നിന്നു യാത്ര ചെയ്ത് മാരാമണ്ണിലെത്തി ഒരു ദിവസമെങ്കിലും ഇവിടെ തങ്ങി മടങ്ങുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ശാരീരിക അസ്വാസ്ഥ്യങ്ങൾ ഏറെ രൂക്ഷമാകുന്നതുവരെയും അദ്ദേഹം ഈ പതിവ് മുടക്കിയില്ല. പിന്നീട് തന്റെ പിൻഗാമി യൗനാൻ യോസഫ് മെത്രാപ്പോലീത്തയെ അദ്ദേഹം മാരാമൺ കൺവൻഷനിലേക്ക് തന്റെ ആശംസകളുമായി അയച്ചുവന്നു.
മാരാമണ്‍ കണ്‍വന്‍ഷനില്‍ ഏറ്റവും കൂടൂതല്‍ കാലം പങ്കെടുത്തിട്ടുള്ള സഹോദരീ സഭയിലെ ബിഷപ്പാണ് മാർ അപ്രേം. മാരാമൺ മണൽപ്പുറത്തെ എക്യൂമെനിക്കല്‍ സമ്മേളനം, സാമൂഹ്യ തിന്മകൾക്കെതിരേയുള്ള സമ്മേളനം എന്നിവ ഉള്‍പ്പെടെ വിവിധ യോഗങ്ങൾക്കു നേതൃത്വം നൽകിയിട്ടുമുണ്ട്.
ലളിതവും സരസവുമായ പ്രസംഗശൈലി കൊണ്ടും പ്രാർഥന കൊണ്ടും അദ്ദേഹം വിശ്വാസികൾക്കിടയിലും പ്രിയങ്കരനായിരുന്നു. നല്ല ഒരു സംഗീത ആസ്വാദകനും ഗാന രചയിതാവും കേരള ക്രൈസ്തവ സഭാ വിഭാഗങ്ങളെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ തല്പരനുമായിരുന്നു മെത്രാപ്പോലീത്ത.
കൽദായ സഭയുടെ വേഷവിധാനങ്ങളും തൊപ്പിയും മണൽപ്പുറത്തിനു പരിചിതമാക്കി നൽകിയതും മാർ അപ്രേമാണ്.
മാര്‍ത്തോമ്മ മെത്രാപ്പോലീത്താമാരായിരുന്ന ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മ, ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ, ഡോ. ജോസഫ് മാര്‍ത്തോമ്മ എന്നിവരുമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന അദ്ദേഹം ജബല്‍പൂര്‍ ലിയൊനാര്‍ഡ് തിയളോജിക്കല്‍ കോളജിലെ പൂര്‍വ വിദ്യാർഥി എന്ന നിലയില്‍ എല്ലാ വര്‍ഷവും പൂര്‍വ വിദ്യാർഥി സംഗമം മാരാമണ്‍ മണല്‍പ്പുറത്ത് ക്രമീകരിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.
കേരളത്തിലുടനീളം എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങളിലും മദ്യവര്‍ജന പ്രസ്ഥാനത്തിലും അദ്ദേഹം സജീവ സാന്നിധ്യമായി. 2017ൽ അടൂരിൽ വൈഎംസിഎ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തത് മാർ അപ്രേം മെത്രാപ്പോലീത്തയായിരുന്നു.