ജനറൽ ആശുപത്രിയിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം
1573980
Tuesday, July 8, 2025 5:33 AM IST
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് ഒരു വീട്ടമ്മ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേത്യത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ആശുപത്രിയോടു ചേർന്ന വഴിയലൂടെ ഗേറ്റ് ചാടിക്കടന്ന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.
ആശുപത്രി പടിക്കൽ പോലീസ് ബാരിക്കേഡ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകൾ ശ്രമിച്ചു. പിന്നീട് മാർച്ച് ഉദ്ഘാടനത്തിനു ശേഷമാണ് സമീപത്തെ ഇടവഴിയിലെ ഗേറ്റ് ചാടിക്കടന്ന് ആശുപത്രി മുറ്റത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഉടനെ പോലീസ് പിന്നാലെ എത്തി ഇതു തടഞ്ഞു. തുടർന്ന് പോലീസുമായി ഏറെ സമയം ഉന്തും തള്ളും വാക്കേറ്റവും നടന്നു. ഇതിനു ശേഷം ബാരിക്കേഡിന് മുന്നിൽറോഡിൽകുത്തിയിരുന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
റോഡിൽ കുത്തിയിരുന്നവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. തുടർന്ന് പോലീസ് സ്റ്റേഷനു മുന്നിലേക്ക് പ്രകടനമായി പ്രവർത്തകർ നീങ്ങി. അബാൻ ജംഗ്ഷനിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ടവരുടെ ചികിത്സയ്ക്ക് സൗകര്യമൊരുക്കാനായി ആരോഗ്യ വകുപ്പിന് ബജറ്റിൽ നീക്കിവയ്ക്കുന്ന തുകയുടെ നാലിൽ ഒന്ന് പോലും ചെലവഴിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. കേരളം അനാസ്ഥയുടെയും അഴിമതിയുടെയും കാര്യത്തിൽ നമ്പർ വണ്ണാണ്. പ്രതിഷേധങ്ങളെ തടയുമെന്നു പറഞ്ഞ ഡിവൈഎഫ്ഐ മനുഷ്യത്വമില്ലാത്ത സംഘടനയാണ്. അവർ മുതലാളിത്വത്തിന്റെ കൂടെയാണ്.
പാവപ്പെട്ട രോഗികൾ ചികിത്സ ലഭിക്കാതെ നട്ടം തിരിയുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും കുമ്മനം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് അധ്യക്ഷതവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് ആയിരൂർ, കെ. ബിനുമോൻ, വിജയകുമാർ മണിപ്പുഴ, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി. തോമസ്, കർഷക മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി ആർ. നായർ,ജില്ലാ വൈസ് പ്രസിഡന്റുമാരായ അനിൽ നെടുമ്പള്ളിൽ, ഷൈൻ ജി. കുറുപ്പ്, ബിന്ദു പ്രസാദ് , ബിന്ദു പ്രകാശ്, പി. ആർ. ഷാജി, റോയ് മാത്യു, ജില്ലാ സെക്രട്ടറിമാരായ നിതിൻ എസ്. ശിവ, രൂപേഷ് അടൂർ, ജില്ലാ ട്രഷറർ ഗോപാകൃഷ്ണൻ കർത്താ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ തുടങ്ങിയവർ പ്രസംഗിച്ചു.