കുട്ടികളുടെ യാത്രയ്ക്ക് ഡബിൾ ബെൽ മുഴക്കി എംഎൽഎ
1574250
Wednesday, July 9, 2025 4:01 AM IST
റാന്നി: വെച്ചൂച്ചിറ കോളനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാനായി പുതിയ ബസ് സർവീസ്. മുക്കൂട്ടുതറ ഭാഗത്തുനിന്നും കോളനി സ്കൂളിലേക്ക് വരുന്ന കുട്ടികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നവോദയ ജംഗ്ഷൻ വരെ എത്തി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് ചാത്തൻതറയിലേക്ക് നീട്ടിയത്.
ബസ് സർവീസ് ഉദ്ഘാടനം ചെയ്തശേഷം യാത്ര ചെയ്തെത്തിയ പ്രമോദ് നാരായൺ എംഎൽഎയെ സ്വീകരിക്കാൻ നാട്ടുകാർ ഒന്നടങ്കം എത്തിയിരുന്നു. എംഎൽഎയെ അഭിനന്ദിക്കാൻ കുട്ടികൾ ഒത്തുകൂടുകയും ചെയ്തു.
രാവിലെ 8.10 ന് ചാത്തൻതറയിൽ നിന്നും നവോദയയിലേക്ക് ആരംഭിക്കുന്ന സർവീസിന്റെ ഫ്ലാഗ് ഓഫ് എംഎൽഎ നിർവഹിച്ചു. ദിവസം 100 രൂപയിൽ അധികം മുടക്കി ഓട്ടോറിക്ഷയും മറ്റും പിടിച്ചായിരുന്നു ഇതുവരെ കുട്ടികൾ സ്കൂളിൽ പോയിരുന്നത്. ചാത്തൻതറയിൽ നിന്നും രാവിലെ ബസ് സർവീസ് ഇല്ലാത്തതിനാൽ ഇവിടെയുള്ള വിദ്യാർഥികളും ഉദ്യോഗസ്ഥരും എരുമേലി വഴി ഇരട്ടി ദൂരം സഞ്ചരിച്ച് ചുറ്റിയാണ് ഇപ്പോൾ റാന്നി എത്തിയിരുന്നത്.
ഇതിനും ഇതോടെ പരിഹാരമാവുകയാണ്. കുട്ടികളും യാത്രക്കാരും അനുഭവപ്പെടുന്ന യാത്രാക്ലേശം ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് എംഎൽഎ തന്നെ ഇടപെട്ട് പത്തനംതിട്ട ഡിടിഒയുടെ സാന്നിധ്യത്തിൽ സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും യോഗം വിളിച്ചുചേർത്ത് ബസ് സർവീസ് നീട്ടാൻ തീരുമാനിച്ചത്.
ഇതുനോടൊപ്പം മണ്ണടിശാലയിൽ നിന്നും കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് നീട്ടിയ കെഎസ്ആർടിസി ബസ് സർവീസിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. മധുരപരഹാരങ്ങൾ നൽകിയാണ് കുട്ടികൾ എംഎൽഎ സ്വീകരിച്ചത്.