കൃഷിവകുപ്പിന്റെ എതിർപ്പ് മറികടന്ന് ആറന്മുള ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയുമായി ഐടി വകുപ്പ്
1574247
Wednesday, July 9, 2025 4:01 AM IST
പത്തനംതിട്ട: സംസ്ഥാന സർക്കാർ ഉപേക്ഷിച്ച ആറൻമുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയുമായി ഐടി വകുപ്പ്.
വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പ് ടിഒഎഫ്എൽ എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ച് ഇലക്ട്രോണിക്സ് ക്ലസ്റ്റർ പാർക്ക് സ്ഥാപിക്കാൻ നൽകിയ അപേക്ഷയിൽ, പദ്ധതി പ്രദേശത്തിന്റെ സമ്പൂർണ വിവരങ്ങൾ ആവശ്യപ്പെട്ട് ഐടി വകുപ്പ് സ്പെഷൽ സെക്രട്ടറി പത്തനംതിട്ട ജില്ലാ കളക്ടർക്ക് കത്തു നൽകി. പദ്ധതിയുടെ സാധ്യതകളും ജില്ലാ കളക്ടറിൽ നിന്നു ആരാഞ്ഞിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ കൂടി പിന്തുണയിലാണ് ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിക്ക് കന്പനി മുന്നിട്ടിറങ്ങിയിട്ടുള്ളതെന്നും പറയുന്നു. രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായിരുന്ന ഘട്ടത്തിൽ ഇതുമായി ബന്ധപ്പെട്ട ചില അനുമതികൾ ടിഒഎഫ്എൽ കന്പനി സ്വന്തമാക്കിയിരുന്നതായാണ് സൂചന.
ആറന്മുളയിൽ ലഭ്യമായ ഭൂമി, പുരയിടം എത്ര, ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി, 2008ന് മുൻപുള്ള സ്ഥിതി, നെൽപ്പാടം, കരഭൂമി, തണ്ണീർത്തടം തുടങ്ങിയ വിവരങ്ങളാണ് കളക്ടറോടു ചോദിച്ചിരിക്കുന്നത്. 335 ഏക്കർ ഭൂമിയിൽ മെഗാ ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിക്കാണ് ഐടി വകുപ്പ് മുഖേന അനുമതി തേടിയിട്ടുള്ളത്.
പദ്ധതിക്കെതിരേ സിപിഐയും മന്ത്രി പി. പ്രസാദും രംഗത്തു വന്നതിനേതുടർന്ന് പ്രാഥമികഘട്ടത്തിൽ തന്നെ പദ്ധതി വേണ്ടെന്നുവയ്ക്കാൻ മന്ത്രിസഭ നിർദേശിച്ചിരുന്നു. തണ്ണീർത്തടങ്ങൾ നികത്തിയെടുത്ത സ്ഥലത്ത് ഏതുതരത്തിലുള്ള സംരംഭവും അനുവദിക്കാനാകില്ലെന്നായിരുന്നു കൃഷിവകുപ്പിന്റെയും മന്ത്രിയുടെയും നിലപാട്.
ഇതിനിടെ ആറന്മുളയിലെ സ്ഥലത്തെ സംബന്ധിച്ചു തർക്കം ഉന്നയിച്ച് മൗണ്ട് സിയോൺ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഏബ്രഹാം കലമണ്ണിലും രംഗത്തെത്തിയിരുന്നു. മൗണ്ട് സിയോൺ എഡ്യുക്കേഷൻ ഗ്രൂപ്പിനു എയർസ്ട്രിപ്പ് നിർമിക്കാൻ വാങ്ങിയ സ്ഥലമാണിതെന്നും കെജിഎസ് നിയന്ത്രിത കന്പനിക്ക് മറ്റൊരു സംരംഭം നൽകാനാകില്ലെന്നും ഏബ്രഹാം കലമണ്ണിൽ വ്യക്തമാക്കിയിരുന്നു.
പദ്ധതി പ്രദേശത്ത് കുടിൽകെട്ടി താമസിക്കുന്നവരെ ഒഴിവാക്കിയാൽ എയർസ്ട്രിപ്പ് നിർമാണം ആരംഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഉദ്യോഗസ്ഥതലത്തിലെ നീക്കങ്ങളുടെ ഫലമാണ് മെഗാ ഇലക്ട്രോണിക്സ് ക്ലസറ്റർ പദ്ധതിക്ക് വീണ്ടും ജീവൻവച്ചിട്ടുള്ളത്.
തണ്ണീർത്തടവും നിലവും നികത്തി വിമാനത്തവളം നിർമിക്കുന്നതിനെതിരേ വൻ പ്രതിഷേധമുയർന്നതിനെ തുടർന്ന് വിമാനത്താവളത്തിനുള്ള എല്ലാ അനുമതികളും 2016ൽ സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നു. 2018ലെ പ്രളയത്തിൽ പമ്പാ നദി കരകവിഞ്ഞൊഴുകിയപ്പോൾ പ്രധാന ജലസംഭരണിയായത് പദ്ധതി പ്രദേശമായിരുന്നു.
ഐടി സെക്രട്ടറിയുടെ കത്തിനു മറുപടി നൽകുന്നതിലേക്ക് വിശദമായ റിപ്പോർട്ട് നൽകാൻ തഹസിൽദാരോടും കൃഷി ഓഫീസർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു.
സെക്രട്ടറി നടത്തിയത് കേവലം വിവര ശേഖരണം മാത്രമായിരിക്കുമെന്നും കാബിനറ്റ് അറിയാതെ ഒരു പദ്ധതിയും ആറന്മുളയിൽ തുടങ്ങാനാകില്ലെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. നിലവിലെ നിയമവും ചട്ടവും ലംഘിച്ച് പദ്ധതി തുടങ്ങുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്നും കൃഷി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.