പാറമട തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം: സിഐടിയു
1574238
Wednesday, July 9, 2025 3:45 AM IST
കോന്നി: പത്തനംതിട്ട ജില്ലയിലെ പാറമടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ ഉണ്ടാകണമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, പ്രസിഡന്റ് എസ്.ഹരിദാസ് എന്നിവർ ആവശ്യപ്പെട്ടു. രണ്ട് തൊഴിലാളികളുടെ മരണത്തിനിടയാക്കിയകോന്നി പയ്യനാമണ്ണിലെ ചെങ്കുളം പാറമടയിലെ അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
വൻതോതിൽ പാറ ഖനനം നടത്തുന്ന ക്വാറികളിൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും നടത്താതെയാണ് ഖനനം നടത്തി വരുന്നത്. പാറയുടെ ഉയരത്തിന് അനുസരിച്ച് കൃത്യ അളവിൽ ബഞ്ചുകൾ നിർമിച്ച് ഖനനം നടത്തണമെന്ന നിയമം ലംഘിക്കപ്പെട്ടതാണ് അപകടത്തിന് ആക്കം കൂട്ടിയത്.അപകട സ്ഥിതിയിലായിട്ടും ഖനനം തുടരുകയായിരുന്നു. അതിഥി തൊഴിലാളികളാണ് ബഹുഭൂരിപക്ഷം ക്വാറികളിലും പണിയെടുക്കുന്നത്.
നിയമലംഘനങ്ങൾ പുറംലോകത്ത് അറിയാതിരിക്കാനാണ് അതിഥി തൊഴിലാളികളെ നിയോഗിച്ചിരിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സിഐടിയു നേതാക്കൾ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ അലംഭാവമുണ്ടാകാൻ പാടില്ലെന്നും ഹർഷകുമാർ, ഹരിദാസ് എന്നിവർ പറഞ്ഞു.
കേസെടുക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണസമിതി
പത്തനംതിട്ട: കോന്നി പയനാമൺ ചെങ്കളം ക്രഷർ യൂണിറ്റിലുണ്ടായ ദുരന്തത്തിൽ ജില്ലാ ജിയോളജിസ്റ്റ്, മലിനീകരണ നിയന്ത്രണ ബോർഡ്, കോന്നി തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി, ക്വാറി ഉടമ എന്നിവർക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നും മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പശ്ചിമഘട്ട സംരക്ഷണസമിതി ആവശ്യപ്പെട്ടു.
പാരിസ്ഥിതിക നിയമലംഘനങ്ങളുടെ ഭാഗമാണ് കോന്നിയിലുണ്ടായ അപകടം. ക്വാറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർ തുടർ പ്രവർത്തനങ്ങളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാറില്ലെന്നും രക്ഷാപ്രവർത്തനം വൈകിയതിൽ ഇവർ ഉത്തരവാദികളാണെന്നും സമിതി അഭിപ്രായപ്പെട്ടു.