പെരുന്തേനരുവിയുടെ മനോഹാരിത അടുത്തറിയാൻ ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിക്കും
1573676
Monday, July 7, 2025 3:41 AM IST
റാന്നി: പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് പുതിയ മാനം നൽകുന്ന ഗ്ലാസ് ബ്രിഡ്ജിനുള്ള വിശദമായ പദ്ധതി രൂപരേഖ തയാറായി വരികയാണെന്ന് പ്രമോദ് നാരായൺ എംഎൽഎ. പുതിയ ഗ്ലാസ് പാലം ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾക്ക് ഏഴുകോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കിവച്ചിരിക്കുന്നത്. നവകേരള സദസിൽ പ്രമോദ് നാരായൺ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് തുക അനുവദിച്ചിരിക്കുന്നത്.
വെള്ളച്ചാട്ടത്തിന്റെയും പാറക്കെട്ടുകളിൽ തല്ലിയലച്ചെത്തുന്ന വെള്ളത്തിന്റെയും മനോഹാരിത ഭംഗി അടുത്തുനിന്ന് കണ്ട് ആസ്വദിക്കുന്നതിന് പുതിയ ഗ്ലാസ് ബ്രിഡ്ജ് ഏറെ സഹായകമാകും. വെള്ളച്ചാട്ടം കാണാൻ അടുത്തുപോയി പാറക്കെട്ടുകളിൽ വഴുതി വീണ് ഉണ്ടാകുന്ന അപകട മരണങ്ങളും ഇതുവഴി ഒഴിവാക്കാനാകും. ഗ്ലാസ് ബ്രിഡ്ജിലൂടെ വെള്ളച്ചാട്ടത്തിന് മുകളിലൂടെ പമ്പാനദിക്ക് മറുകരയിലേക്കുളള യാത്ര സാഹസികവും നവ്യവുമാകും. ഇത് അനുഭവിച്ചറിയാൻ ധാരാളം പേർ പെരുന്തേനരുവിയിലേക്ക് ഒഴുകി എത്തും.
ഇത് നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളുടെ ടൂറിസം പദ്ധതികൾക്ക് പുതിയ മാനം സൃഷ്ടിക്കുമെന്ന് എംഎൽഎ പറഞ്ഞു. ഇതോടൊപ്പം വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളുടെ കരകളിൽ കുട്ടികളുടെ പാർക്ക്, സവിശേഷതയുള്ള ശില്പങ്ങൾ, കഫ്റ്റേരിയ എന്നിവ സജ്ജമാക്കും. ഇതിനായി സ്ഥലം ലഭ്യമാക്കുന്നതിന് പഞ്ചായത്തിനോടും മേജർ ഇറിഗേഷൻ റവന്യൂ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വത്തിനുള്ള നടപടികളും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. നദിയുടെ മധ്യത്തിലുള്ള തുരുത്ത് റവന്യൂ വകുപ്പ് വിട്ടു നൽകുകയാണെങ്കിൽ അവിടെയും മനോഹരമായ പാർക്ക് നിർമിക്കും. രണ്ടാംഘട്ടത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉൾപ്പെടെയുള്ള വിനോദോപാധികൾ ഏർപ്പെടുത്താനും ആലോചനയുണ്ട്.
ടൂറിസം വകുപ്പിന്റെ ആർക്കിടെക്കിന്റെ നേതൃത്വത്തിലാണ് ഡിപിആർ തയാറാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.വി. വർക്കി, സോണിയ മനോജ്, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, ഗ്രേസി തോമസ്, സിറിയക് തോമസ്, എസ്. രമാദേവി, ടി. കെ. ജയിംസ്, ആർ .വരദരാജൻ എന്നിവരും ഉദ്യോഗസ്ഥരോടൊപ്പം ചർച്ചയിൽ പങ്കെടുത്തു.