സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക്; ജംഗ്ഷനുകളിൽ സമര കേന്ദ്രങ്ങൾ
1574241
Wednesday, July 9, 2025 3:45 AM IST
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് ആരംഭിച്ചു. സ്വകാര്യ വാഹനങ്ങൾ നിർത്തിവച്ചും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടച്ചും പണിമുടക്കിനോടു സഹകരിക്കാനാണ് ആഹ്വാനം.
സ്വകാര്യ, കെഎസ്ആർടിസി ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവ ഓടില്ല. സ്കൂൾ വാഹനങ്ങൾ നിരത്തിലിറങ്ങാൻ സാധ്യതയില്ലാത്തതിനാൽ വിദ്യാലയങ്ങളുടെ പ്രവർത്തനവും തടസപ്പെടും. ജീവനക്കാരിൽ ഒരു വിഭാഗം പണിമുടക്കിനു പിന്തുണ അറിയിച്ചിട്ടുള്ളതിനാൽ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവർത്തനവും തടസപ്പെടാനിടയുണ്ട്.
പ്രധാന നിരത്തുകളിൽ സമരകേന്ദ്രങ്ങൾ തുറക്കുമെങ്കിലും വാഹനങ്ങൾ തടയില്ലെന്ന് നേതാക്കൾ അറിയിച്ചു. ജില്ലയിൽ 12 സമരകേന്ദ്രങ്ങളാണ് തുറക്കുന്നത്. രാവിലെ പ്രകടനങ്ങളും തുടർന്ന് വിശദീകരണ യോഗങ്ങളും ഉണ്ടാകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ പി.ബി. ഹർഷകുമാർ, എസ്. ഹരിദാസ്, കെ. സി. രാജഗോപാൽ, ശ്യാമ ശിവൻ (സിഐടിയു), ബെൻസി തോമസ് (എഐടിയുസി), കെ. ഐ. ജോസഫ് (ടിയുസിഐ) എന്നിവർ പറഞ്ഞു.
അവശ്യ സർവീസുകളെ ഒഴിവാക്കും
പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾ ക്കെതിരേ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ചേർന്ന് ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ സമ്പൂർണമാകുമെന്നു യുഡിഎഫ് അനുകൂല സംഘടനകളുടെ ഫെഡറേഷൻ ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ അറിയിച്ചു. പാൽ, പത്രം, ആശുപത്രി തുടങ്ങി അവശ്യ സർവീസു കളെ പണിമുടക്കിൽനിന്ന് ഒഴിവാക്കി.
രാജ്യത്തെ 64 കോടിയോളം തൊഴിലാളികളുടെ ജീവിതം നരകതുല്യമാണെന്നു അദ്ദേഹം ആരോപിച്ചു. തൊഴിൽ വകുപ്പിനെ കേന്ദ്ര സർക്കാർ നിർജീവമാക്കി. കേന്ദ്രവും സംസ്ഥാനവും ഒരേപോലെ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമരകേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോന്നിയിൽ ജ്യോതിഷ് കുമാർ മലയാലപ്പുഴ നിർവഹിക്കും. തിരുവല്ലയിൽ തോട്ടുവാ മുരളി, മല്ലപ്പള്ളിയിൽ എ.ഡി.ജോൺ, അടൂരിൽ ഹരികുമാർ പൂതങ്കര, പത്തനംതിട്ടയിൽ പി.കെ.ഗോപി, റാന്നിയിൽ തോമസ് ജോസഫ് എന്നിവരും സമരകേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും.
സെറ്റോ സംഘടനകൾ വിട്ടുനിൽക്കും
പത്തനംതിട്ട: അഖിലേന്ത്യ തലത്തിൽ ട്രേഡ് യൂണിയൻ സംഘടനകൾ കേന്ദ്ര സർക്കാരിനെതിരേ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ജില്ലാ ചെയർമാൻ പി.എസ്. വിനോദ് കുമാർ, കൺവീനർ എസ്. പ്രേം എന്നിവർ അറിയിച്ചു.
മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടെങ്കിലും അതിന്റെ പത്തിരട്ടി തൊഴിലാളി വിരുദ്ധത കാണിക്കുന്ന സംസ്ഥാന സർക്കാരിനെതിരേള്ള ഡിമാൻഡുകൾ ഉയർത്താത്ത പണിമുടക്കിൽ അണിചേരണ്ടതില്ലെന്ന നിലപാടാണ് സംഘടനയ്ക്കുള്ളതെന്നും സംസ്ഥാനത്ത് സർക്കാർ സ്പോൺസേർഡ് പണിമുടക്കായി ദേശീയ പണിമുടക്കിനെ മാറ്റുകയാണെന്നും സെറ്റോ ഭാരവാഹികൾ കുറ്റപ്പെടുത്തി.
പണിമുടക്ക് രാഷ്ട്രീയപ്രേരിതം: എൻജിഒ സംഘ്
പത്തനംതിട്ട: ഒരു വിഭാഗം ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും നടത്തുന്ന പണിമുടക്കില്‍ എൻജിഒ സംഘ് പങ്കെടുക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ദേശീയ പണിമുടക്ക് അനവസരത്തിലുള്ളതുംരാഷ്ട്രീയ പ്രേരിതവുമാണ്.
സംസ്ഥാനത്ത് ശമ്പളപരിഷ്കരണം മുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ഒരു ശമ്പള കമ്മീഷനെ പോലും നിയമിക്കാതെ അഞ്ചു വർഷതത്വം അട്ടിമറിക്കുകയും 18 ശതമാനം ക്ഷാമബത്തയും ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും തടഞ്ഞുവച്ച കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ദുർഭരണത്തിനെതിരേ ഒരു ചെറുവിരലനക്കാത്ത ഇടതു സർവീ സ് സംഘടനകൾ കേന്ദ്ര സർക്കാരിനെതിരെയുള്ള പണിമുടക്കിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ അഭിപ്രായപ്പെട്ടു.
കെയുഡബ്ല്യുജെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
പത്തനംതിട്ട: സംയുക്ത ട്രേഡ് യൂണിയനുകൾ ഇന്നു നടത്തുന്ന ദേശീയ പണിമുടക്കിന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകൾ മാധ്യമ പ്രവർത്തകരുടെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്നതാണെന്ന് കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യനും സെക്രട്ടറി ജി. വിശാഖനും ചൂണ്ടിക്കാട്ടി.
സംഘടിക്കാനും പ്രതിഷേധിക്കാനും ഉള്ള അവകാശം പോലും നഷ്ടമാക്കുന്ന തരത്തിലേക്കാണ് കേന്ദ്രസർക്കാരിന്റെ തൊഴിൽ പരിഷ്കാരങ്ങൾ. പണിമുടക്കിന് പിന്തുണ അറിയിച്ച് പ്രസ്ക്ലബ് പരിസരത്ത് ഐക്യദാർഢ്യ സമ്മേളനം ചേരും.