ബൈക്കിന് തീപിടിച്ച് ബൈക്ക് യാത്രികന് പൊള്ളലേറ്റു
1573976
Tuesday, July 8, 2025 5:33 AM IST
അടൂർ: ബൈക്കിന് തീപിടിച്ച് ബൈക്ക് യാത്രികന് പൊള്ളലേറ്റു. കൊടുമൺ അങ്ങാടിക്കൽ തെക്ക് പ്രീതാഭവനത്തിൽ രാജനാണ് (58)പൊള്ളലേറ്റത്. അന്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്താണ് സംഭവം. കൊടുമണ്ണിൽ നിന്നും പറക്കോട് ഭാഗത്തുള്ള ഇരുചക്രവാഹനം നന്നാക്കുന്ന വർക് ഷോപ്പിലേക്ക് ബൈക്കിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനു വേണ്ടി പോകുകയായിരുന്നു രാജൻ. ബൈക്കിന് പെട്ടെന്ന് തീപിടിച്ചതിനാൽ രാജന് ബൈക്കിൽ നിന്ന് ഉടൻ ഇറങ്ങാൻ സാധിച്ചില്ല. ഇതാണ് രാജന് പൊള്ളലേക്കാൻ കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു.
പൊള്ളലേറ്റ രാജനെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തിലാണ് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനേ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.