സമാനതകളില്ലാത്ത ദുരന്തം; രക്ഷാദൗത്യവും തടസപ്പെട്ടു
1574236
Wednesday, July 9, 2025 3:45 AM IST
കോന്നി: സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് കോന്നി പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിൽ ഫയർഫോഴ്സും എൻഡിആർഎഫും രണ്ടുദിവസമായി നടത്തുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാറമട ഇടിഞ്ഞുണ്ടായ അപകടത്തിൽപെട്ട ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് രക്ഷാദൗത്യം.
തിങ്കളാഴ്ച രാത്രി 7.30 ഓടെ നിർത്തിയ രക്ഷാപ്രവർത്തനം ഇന്നലെ രാവിലെ തുടങ്ങുകയായിരുന്നു. എൻഡിആർഎഫ്, ഫയർഫോഴ്സ് സംഘാംഗങ്ങൾ രാവിലെ ഏഴിനു തന്നെ സ്ഥലത്തെത്തിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി മാസ്റ്റർപ്ലാൻ തയാറാക്കിയാണ് ദൗത്യം തുടങ്ങിയത്.
രക്ഷാപ്രവർത്തകരുടെ ജീവനു തന്നെ ഭീഷണിയുണ്ടായേക്കാവുന്ന സാഹചര്യത്തിൽ അതീവ സുരക്ഷാ നിരീക്ഷണങ്ങളോടെയാണ് ദൗത്യം പുനരാരംഭിച്ചത്. പാറമടയിലേക്ക് ആളുകളെ നിയന്ത്രിച്ചുകൊണ്ട് ഉദ്യോഗസ്ഥ സംഘം ഒരുഭാഗത്തായി നിലയുറപ്പിച്ചു. രക്ഷാദൗത്യത്തിനുള്ള സംഘത്തെ നിശ്ചയിച്ച് അവർക്കുവേണ്ട നിർദേശങ്ങൾ നൽകി.
സ്ഥലത്തെത്തിച്ച ക്രെയിനിൽ വടം കുരുക്കി അതിൽ സംഘാംഗങ്ങളെ ബന്ധിപ്പിച്ച് താഴേക്ക് ഇറക്കുകയും കുടുങ്ങിക്കിടക്കുന്ന പാറക്കഷണങ്ങൾ നീക്കി അപകടത്തിൽപെട്ട ഹിറ്റാച്ചി ഉയർത്തുകയോ തള്ളിയിടുകയോ ചെയ്യുകയെന്ന ലക്ഷ്യവുമായാണ് നടപടികൾ തുടങ്ങിയത്. നാലുപേർ ഇതിനിടെ ക്വാറിയിലേക്ക് ഇറക്കി. പാറക്കല്ലുകൾ അടർന്നു വീഴാൻ തുടങ്ങിയതോടെ രക്ഷാദൗത്യം നിർത്തിവയ്ക്കേണ്ടി വന്നു.
വലിയ ക്രെയിനുകളും മറ്റ് മെഷീനുകളും എത്തിച്ച് ദൗത്യം പുനരാരംഭിക്കാനുള്ള ശ്രമമാണ് വൈകുന്നേരവും നടക്കുന്നത്. ഇന്നലെ ഇതു സാധ്യമായില്ലെങ്കിൽ ഇന്നു രാവിലെ ദൗത്യം തുടരുമെന്ന് അധികൃതർ പറഞ്ഞു. എൻഡിആർഎഫ് സംഘം സ്ഥലത്തു ക്യാന്പ് ചെയ്യുകയാണ്.
പാറക്കൂട്ടം ഇളകിയ നിലയിൽ
വർഷങ്ങളായി പ്രവർത്തിക്കുന്ന ക്വാറിയിലെ പാറക്കെട്ടുകൾക്ക് വൻതോതിൽ ഇളക്കം സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. തിങ്കളാഴ്ചയുണ്ടായ അപകടത്തിനുശേഷം വൻതോതിൽ പാറ ഇടിഞ്ഞുവീണു. വലിയ പാറക്കഷണങ്ങൾ താഴേക്കു പതിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
രക്ഷാദൗത്യ സംഘങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്ന തരത്തിലാണ് രണ്ടുദിവസമായി പാറക്കൂട്ടങ്ങൾ ഇടിഞ്ഞുവീഴുന്നത്. ക്വാറിയിൽ സമീപകാലത്തു നടത്തിവന്ന സ്ഫോടനങ്ങളാണ് ഇത്തരം ഒരു അവസ്ഥയ്ക്കു സംജാതമായതെന്ന് പറയുന്നു. അനുവദനീയമായ അളവിലും കൂടുതൽ പാറ പൊട്ടിച്ചു നീക്കിയിരുന്നു. ഇതുമായി ബന്ധപ്പട്ടു പ്രദേശവാസികൾ നൽകിയ പരാതികളിൽ പോലും അന്വേഷണമുണ്ടായില്ല.
ക്വാറികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു നിരവധി പരാതികളാണ് അധികൃതർക്കു ലഭിക്കുന്നത്. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് പാറ പൊട്ടിക്കുന്നത്. സ്ഫോടനം നടക്കുന്പോൾ ഇിൽ വൈദഗ്ധ്യമുള്ള എൻജിനിയർ സ്ഥലത്തുണ്ടാകണമെന്നതടക്കമുള്ള വ്യവസ്ഥകൾ ലംഘിച്ചാണ് പ്രവർത്തനം.
ജലബോംബ്; നിയന്ത്രണങ്ങൾ പേരിനു മാത്രം
പത്തനംതിട്ട ജില്ലയിലെ പാറമടകൾ പലതും ജലബോംബുകളാണ്. പാറ പൊട്ടിച്ചുനീക്കിയ കുളങ്ങളിൽ ദശലക്ഷകണക്കിനു ലിറ്റർ വെള്ളമാണ് സംഭരിക്കപ്പെടുന്നത്. ഇതിനൊപ്പം മഴക്കാലത്ത് ജലസമ്മർദം ഏറും.
പാറമട ഇടിയാനും പാറക്കുളങ്ങൾ പൊട്ടി ഒഴുകാനും സാധ്യതയുണ്ട്. ഇത്തരം അപകടകരമായ സാഹചര്യം പല തവണ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും നടപടികളുണ്ടായില്ല. മഴ ശക്തമാകുന്പോൾ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവ് നൽകുമെങ്കിലും മഴ ദുർബാലമാകുന്പോൾ ഉത്തരവ് പിൻവലിച്ചോയെന്നു പോലും നോക്കാതെ പണികൾ ആരംഭിക്കുകയാണ് രീതി.
നിയന്ത്രണങ്ങളോടെ നേടുന്ന അനുമതിയുടെ പിൻബലത്തിൽ യാതാരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പല പാറമടകളും പ്രവർത്തിച്ചുവരുന്നത്. പത്തനംതിട്ട ജില്ലയിലെ ക്വാറികളിൽ ഇതിനു മുനപ് കല്ലിടിഞ്ഞും വെള്ളം പൊട്ടി ഒഴുകിയും അപകടങ്ങളുണ്ടായിട്ടുണ്ട്.