സ്കൂളിൽ ബഷീർ കഥാപാത്രങ്ങൾ എത്തി
1573317
Sunday, July 6, 2025 3:55 AM IST
പന്തളം: കടയ്ക്കാട് ഗവ. എൽപി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങൾ എത്തി. അദ്ദേഹത്തിന്റെ ചരമദിനത്തോടനുബന്ധിച്ചാണ് കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ വേഷത്തിൽ എത്തിയത്.
വൈക്കം മുഹമ്മദ് ബഷീറായി നാലാം ക്ലാസുകാരൻ കൻസുൽ ഹഖ് മികച്ച പ്രകടനം കാഴ്ചവച്ചു. ഫാത്തിമയായി നാലാം ക്ലാസുകാരി ഫിദ റിയാസ്, ഒന്നാം ക്ലാസുകാരി അസിൻ താജുദ്ദീൻ എന്നിവരും താച്ചുമ്മയായി ഒന്നാം ക്ലാസുകാരി ആയിഷ ഷംനാദ്, അഞ്ചാം ക്ലാസുകാരി ഹഫ്സ ഫാത്തിമ എന്നിവരും ഉണ്ടായിരുന്നു.
ഒറ്റക്കണ്ണൻ പോക്കറായി നാലാം ക്ലാസിലെ സുഹൈൽ മാലിക് എത്തിയപ്പോൾ അത് കുട്ടികളിൽ ചിരി പടർത്തി. നാലാം ക്ലാസുകാരൻ ആബിദ് മുഹമ്മദ് മുബാറക് ആനവാരി രാമൻനായർ, ഒന്നാം ക്ലാസുകാരി മർജാന മർവ കുഞ്ഞിപാത്തുമ്മ,
മൂന്നാം ക്ലാസുകാരൻ ആദം മുഹമ്മദ് എട്ടുകാലി മമ്മൂഞ്ഞ്,അഞ്ചാം ക്ലാസുകാരി ഹുസ്ന ഫാത്തിമയുടെ നാരായണി, അയാന ഫാത്തിമയുടെ സാറാമ്മ, ഫിദയുടെ പാത്തുമ്മ, ബഹിയയുടെ സുഹറ എന്നിവരും വേദിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പോസ്റ്ററുകളും പതിപ്പുകളും കുട്ടികൾ തയാറാക്കി.