സ്വകാര്യ ബസ് സർവീസ് മേഖല കടുത്ത പ്രതിസന്ധിയിലെന്ന്, എട്ടിന് പണിമുടക്ക്
1573291
Sunday, July 6, 2025 3:41 AM IST
പത്തനംതിട്ട: സ്വകാര്യബസ് സർവീസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമ സംഘടന. എട്ടിനു ജില്ലയിലും സർവീസ് നിർത്തിവച്ച് സൂചനാപണിമുടക്ക് നടത്തുമെന്ന് ബസുടമ സംയുക്ത സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബസുടമകളുടെ വിവിധ ആവശ്യങ്ങൾ ഉന്നിയിച്ച് മുഖ്യമന്ത്രി, ഗതാതാഗത മന്ത്രി, മറ്റു മന്ത്രിമാർ എന്നിവർക്ക് നിവേദനങ്ങൾ നൽകുകയും പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്കു നീങ്ങുന്നതെന്നും ഉടമകൾ പറഞ്ഞു. 22 മുതൽ അനശ്ചിതകാല സമരവും പ്രഖ്യാപിച്ചു.
നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ സംരക്ഷിക്കാനായി 241 ദീർഘദൂര സൂപ്പർക്ലാസ് സർവീസുകളുടെ പെർമിറ്റുകൾ ഏറ്റെടുത്ത് സ്വകാര്യബസുകൾക്ക് അവ പുതുക്കി നൽകാതെയിരിക്കുകയാണ്. ഇതു കൂടാതെ 140 കിലോമീറ്ററിനു മുകളിൽ സർവീസ് നടത്തുന്ന ബസുകളുടെയും പെർമിറ്റുകൾ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽനിന്ന് അനുകൂലവിധി ലഭിച്ചിട്ടുപോലും പുതുക്കി നൽകുന്നില്ല.
അർഹതയുള്ള വിദ്യാർഥികൾക്ക് മാത്രമായി കൺസഷൻ നിജപ്പെടുത്തണം. വിദ്യാർഥികൾക്ക് നൽകിവരുന്ന കൺസഷൻ അഞ്ചു ശതമാനം ആക്കിയില്ലെങ്കിൽ സർവീസുകൾ മുഴുവൻ നിലയ്ക്കും. ബസ് ജീവനക്കാർക്ക് പിസിസി വേണമെന്നുള്ള കരിനിയമം പിൻവലിക്കണം.
അക്രമം, മോഷണം, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ, പോക്സോ, കൊലപാതകം എന്നീ കുറ്റക്യത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള കുറ്റവാളികൾക്ക് അവരുടെ ലൈസൻസുകൾ മരവിപ്പിക്കുന്നതിന് പോലീസ് റിപ്പോർട്ട് വാങ്ങി നടപടി എടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നിരിക്കേ എല്ലാത്തരം ജീവനക്കാരെയും വർഷാവർഷം പോലീസ് ക്ലിയറൻസ് എടുപ്പിച്ച് സാമ്പത്തിക നഷ്ടം വരുത്തുന്നത് അവസാനിപ്പിക്കണം.
ഇ-ചെലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തലും അവസാനിപ്പിക്കണം. ഇ-ചെലാൻ സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ ഒന്നും പാലിക്കാറില്ല. ബസുടമാ സംയുക്ത സമിതി കൺവീനർ ലാലു മാത്യു, ജോയിന്റ് കൺവീനർ മുഹമ്മദ് ഷാ, പി.ആർ. പ്രമോദ്കുമാർ, എസ്. ഷിബു, എസ്. ഷിജു എന്നിവർ പങ്കെടുത്തു.