പള്ളിയോടങ്ങൾ നീരണിഞ്ഞു
1573315
Sunday, July 6, 2025 3:55 AM IST
കോഴഞ്ചേരി: ആറന്മുള വള്ളസദ്യകള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നീരണിഞ്ഞ പള്ളിയോടങ്ങള്‍ ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവില്‍ എത്തിത്തുടങ്ങി. ആദ്യമായി എത്തിയ വെണ്‍പാല - കദളിമംഗലം പള്ളിയോടത്തിന് പള്ളിയോടസേവാസംഘം ഭാരവാഹികള്‍ ദക്ഷിണ നൽകി ആചാരാനുഷ്ഠാനങ്ങളോടെ പാർഥസാരഥി ക്ഷേത്രമതിലകത്തേക്ക് സ്വീകരിച്ചു.
13നാണ് വള്ളസദ്യകള്‍ ആരംഭിക്കുന്നത്. 370 ഓളം വള്ളസദ്യകള്‍ ബുക്കു ചെയ്തുകഴിഞ്ഞു. 500 വള്ളസദ്യകള്‍ നടത്താനാണ് പള്ളിയോട സേവാസംഘം ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ രണ്ടുവരെ നീളുന്നതാണ് വള്ളസദ്യക്കാലം. 15 ഊട്ടുപുരകളാണ് ഇതിനുവേണ്ടി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ ആറെണ്ണം ക്ഷേത്രമതിലകത്തിനു പുറത്തുള്ള ഓഡിറ്റോറിയങ്ങളാണ്. 44 വിഭവങ്ങളാണ് വള്ളസദ്യയുടെ ഭാഗമായി ഇലയില്‍ വിളമ്പുന്നത്.
20 വിഭവങ്ങള്‍ പള്ളിയോട കരക്കാര് പാടി ചോദിക്കുന്നതിനനുസരിച്ച് ഇലയില്‍ വിളമ്പും. പള്ളിയോട സദ്യ നടത്തുന്ന ആറന്മുള ക്ഷേത്രഭക്തര് നിറഞ്ഞ മനസോടെ വേണം തിരിച്ചു പോകേണ്ടതെന്ന അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും പറഞ്ഞു.
പള്ളിയോട സേവാസംഘത്തിന്റെ സംയുക്ത പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കും. പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണം മന്ത്രി സജി ചെറിയാന് നിർവഹിക്കും. സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ അധ്യക്ഷത വഹിക്കും.