പുതമൺ പാലം സമയബന്ധിതമായി പൂർത്തിയാക്കും
1573321
Sunday, July 6, 2025 3:55 AM IST
റാന്നി: പുതമൺ പാലത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എൻജിനിയർ അറിയിച്ചു. റാന്നി - കീക്കൊഴൂർ - കോഴഞ്ചേരി പാതയിലെ പാലത്തിന്റെ പുനർനിർമാണം വൈകുന്നത് പ്രമോദ് നാരായൺ എംഎൽഎ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരമാണ് ചീഫ് എൻജിനിയർ ഐജിൻ റോബർട്ട് സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയത്.
സെപ്റ്റംബറിൽതന്നെ പാലത്തിന്റെ കോൺക്രീറ്റിംഗ് പൂർത്തിയാക്കും. അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തിയാക്കി ഒക്ടോബറിൽ പാലം തുറന്നു കൊടുക്കാനാകും. നിലവിൽ കരാറുകാരന്റെ കാലാവധി ഒക്ടോബർ വരെയാണ്. ഇപ്പോൾ വാഹന ഗതാഗതം തിരിച്ചു വിട്ടിരിക്കുന്ന താത്കാലിക പാതയുടെ അറ്റകുറ്റപ്പണികളും ഇതോടൊപ്പം ആരംഭിച്ചു.
തോടിന്റെ മധ്യത്തിൽ ഒരു തൂണും ഇരുവശങ്ങളിലുമായി ഓരോ തൂണുകളുമാണ് പാലത്തിനുള്ളത്. ഇവയുടെ നിർമാണം പൂർത്തിയായി. തോട്ടിലൂടെയുള്ള വെള്ളമൊഴുക്കിന് അനുസരിച്ച് പൈലിംഗ് ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ നടത്തേണ്ടി വന്നതിനാലാണ് തൂണുകളുടെ നിർമാണം വൈകാനിടയായത്. തോട്ടിലൂടെ ഇടയ്ക്കെത്തുന്ന അമിത വെള്ളപ്പാച്ചിലാണ് സ്ലാബ് വാർക്കുന്നതിനും തടസമായി നിൽക്കുന്നത്.
കീക്കൊഴൂർ പുതമണ്ണിനു സമീപം പെരുന്തോടിനു കുറുകെയുള്ള പുതമൺ പഴയപാലം അപകടാവസ്ഥയിലായതോടെയാണ് അതു പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കുന്നത്. വാഹനഗതാഗതത്തിനായി 30 ലക്ഷം രൂപ ചെലവിൽ പാലത്തിനു താഴെക്കൂടി താത്കാലിക പാത നിർമിച്ചിരുന്നു. എന്നാൽ മഴ ശക്തമാകുന്പോൾ താത്കാലിക പാത മുങ്ങുന്ന സാഹചര്യമുണ്ട്. ഓരോ മഴയിലും പാത തകരുകയും ചെയ്തു വരികയാണ്. ഇവയ്ക്കെല്ലാം പരിഹാരം തേടിയാണ് പാലം നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യവുമായി എംഎൽഎ മന്ത്രിയെ സമീപിച്ചത്.