വിദ്യാർഥിക്കുനേരേ ലൈംഗികാതിക്രമം; പ്രതിക്ക് 9 വർഷം തടവും പിഴയും
1573290
Sunday, July 6, 2025 3:41 AM IST
പത്തനംതിട്ട: ആറാം ക്ലാസ് വിദ്യാർഥിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയ ആൾക്ക് ഒന്‍പതു വര്‍ഷം കഠിനതടവും 85,000 പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതി. കോന്നി ഐരവണ്‍ കുമ്മണ്ണൂര്‍ നെടിയകാലാ പുത്തന്‍വീട്ടില്‍ സിദ്ദീഖ് ജമാലുദീനെയാണ് (54) കുറ്റക്കാരനെന്ന് കണ്ടെത്തി ജഡ്ജി ടി. മഞ്ജിത് വിധി പ്രസ്താവിച്ചത്.
2024 മേയ് 22ന് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയും, കടത്തിക്കൊണ്ടുപോകലിന് മൂന്നുവര്‍ഷവും 25,000 രൂപയും പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം അനുസരിച്ച് ഒരു വര്‍ഷവും 10,000 രൂപയുമാണ് കോടതി ശിക്ഷിച്ചത്.
പിഴ അടയ്ക്കാത്തപക്ഷം നാലു മാസവും 10 ദിവസവും കഠിന തടവുകൂടി അനുഭവിക്കണമെന്നും കോടതിവിധിയില്‍ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന് തോമസ് കോടതിയില്‍ ഹാജരായി. എ എസ്ഐ ഹസീന പ്രോസിക്യൂഷന് നടപടികളില്‍ സഹായിയായി.