ജില്ലയിൽ നടന്നത് 970 കോടിയുടെ വികസനം : ആരോഗ്യമന്ത്രിയെ പിന്തുണച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റി
1573287
Sunday, July 6, 2025 3:41 AM IST
പത്തനംതിട്ട: തെറ്റായ പ്രചാരണങ്ങളിലൂടെ ആരോഗ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തെ നേരിടുമെന്ന് എൽഡിഎഫ് ജില്ലാ നേതാക്കൾ. മന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് തുടർന്നാൽ സർക്കാർ നൽകുന്ന സംരക്ഷണത്തിനു പുറമേ വീണാ ജോർജിന് സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വം എൽഡിഎഫും ഏറ്റെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പത്രസമ്മേളനത്തിൽ പറഞ്ഞു.
വീണാ ജോർജിനെതിരേ നടക്കുന്നത് അസൂയയും കണ്ണുകടിയും കാരണമുള്ള സമരാഭാസമാണ്. ആശയപരമായി നേരിടേണ്ടതിനു പകരം രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ആക്രമണമാണ് പ്രതിപക്ഷം നടത്തുന്നത്. മന്ത്രിയുടെ വീട്ടിലേക്ക് സമരം നടത്തുന്നതിനു പിന്നിലെ ലക്ഷ്യമെന്താണെന്നും വ്യക്തമാക്കണം.
സ്വാതന്ത്ര്യം നേടിയശേഷം ഇതേവരെ നേടിയതിലും കൂടുതൽ വികസന നേട്ടങ്ങളാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷത്തിനിടെ പത്തനംതിട്ട ജില്ലയിൽ കൊണ്ടുവന്നത്. ആരോഗ്യ രംഗത്തുണ്ടായ വലിയ വികസന നേട്ടങ്ങൾ ജനങ്ങൾ ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഒന്പതു വർഷത്തിനിടെ 970 കോടി രൂപയുടെ വികസനമാണ് ആരോഗ്യ രംഗത്ത് ഉണ്ടായത്. അതിനു മുന്പുള്ള യുഡിഎഫ് ഭരണകാലത്ത് 15 കോടി രൂപയാണ് ആരോഗ്യമേഖലയ്ക്ക് ജില്ലയിൽ അനുവദിച്ചത്. 2021 - 25 കാലയളവിൽ 115.58 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആറന്മുള നിയോജക മണ്ഡലത്തിൽ മാത്രം നടപ്പിലാക്കി.
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറുകയാണ്. പഴയ കെട്ടിടങ്ങൾക്കു പകരം പുതിയ കെട്ടിടങ്ങളുണ്ടാകുന്നു. തകർച്ച നേരിട്ട കെട്ടിടം നവീകരിക്കുകയാണ്. ആധുനിക ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തി. കോന്നി മെഡിക്കൽ കോളജ് പൂർണസജ്ജമായിക്കൊണ്ടിരിക്കുകയാണ്.
368 കോടി രൂപയുടെ രണ്ടാംഘട്ട വികസനമാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 167.33 കോടി രൂപ അനുവദിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ജില്ലാ ആശുപത്രിയിലും 30 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സിഎച്ച്സികളും താലൂക്ക് ആശുപത്രികളും നവീകരിച്ചു. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തി.
പത്തനംതിട്ട, കോന്നി, സീതത്തോട് എന്നിവിടങ്ങളിൽ പുതിയ നഴ്സിംഗ് കോളജുകൾ നിലവിൽ വന്നു. വികസന നേട്ടങ്ങളെ ഇകഴ്ത്താനുള്ള ശ്രമമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു, സിപിഎം ജില്ലാ കമ്മിറ്റി അംഗം ആർ. അജയകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.