അക്രലിക്കിൽ മാസ്മരികത സൃഷ്ടിച്ച് ശാന്തകുമാരി; ചിത്ര തുന്നലിൽ അതിശയ രചനയുമായി ഉമാറാണി
1591566
Sunday, September 14, 2025 5:45 AM IST
കൊല്ലം: അക്രലിക്കിൽ മാസ്മരികത സൃഷ്ടിച്ച് ശാന്തകുമാരി ടീച്ചറും ചിത്ര തുന്നലിൽ അതിശയ രചനകളുമായി ഉമാറാണി ഷണ്മുഖവും ‘അ പെയിന്റിംഗ് - ചിത്ര തുന്നൽ പ്രദർശനം' കാണാനെത്തിയവർക്ക് മുന്നിൽ 70 ന്റെ താരങ്ങളായി. ആശ്രാമം എട്ട് പോയിന്റ് ആർട്ട് കഫേയിലെ പ്രദർശനം അമ്മമാരുടെ പ്രായം കൊണ്ടും കഴിവുകളുടെ മികവ് കൊണ്ടും ആദ്യ നാൾ തന്നെ ശ്രദ്ധേയമായി.
രണ്ട് അമ്മമാർക്കും പ്രായം 70 കഴിയുന്നു. കൊല്ലം അയത്തിൽ കൊച്ചമ്മൻനട ഷാൻ ഫായിയിൽ ഉമാറാണി ഷണ്മുഖവും കിളികൊല്ലൂർ കോയിക്കൽ സ്വദേശിയും ടി കെ എം കോളജ് റിട്ട. പ്രഫസറുമായ ശാന്തകുമാരി ടീച്ചറും സംയുക്തമായാണ് അ പെയിന്റിംഗ് -ചിത്ര തുന്നൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ചെറുപ്പകാലത്ത് ചിത്രങ്ങൾ വരച്ചിരുന്ന ശാന്ത കുമാരി ടീച്ചർ ചിത്ര രചനയിൽ സജീവമാവുന്നത് കഴിഞ്ഞ അഞ്ചു വർഷം മുൻപാണ്. അവർ വരച്ച 25 ഓളം അക്രലിക് ചിത്രങ്ങളാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്. പ്രകൃതി ദൃശ്യങ്ങളാണ് ഏറെയും. ഉമാറാണി ഷൺമുഖം ആവട്ടെ 30 ഓളം തന്റെ ചിത്ര തുന്നലുകൾ പ്രദർശനത്തിന് വെച്ചിരിക്കുന്നു.
ഭരണഘടനയുടെ ആമുഖം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ തയ്ച്ചെടുത്തിട്ടുള്ള ഉമാറാണി ഷൺമുഖം എബ്രോയിഡറിയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ സ്വായത്തമാക്കിയ 70 കാരി കൂടിയാണ്. ഉമാറാണിയുടെ മകനും ശാന്തകുമാരിയുടെ ക്ലാസിലെ പൂർവ വിദ്യാർഥിയും പ്രാക്കുളം എച്ച് എസിലെ പ്രധാനാധ്യാപകനുമായ കണ്ണൻ ഷണ്മുഖമാണ് ഇരുവരുടെയും ഈ പ്രദർശനത്തിന് നേതൃത്വം നൽകുന്നത്.