വസ്ത്രശാല ജീവനക്കാർക്ക് കളഞ്ഞുകിട്ടിയ സ്വർണമാലയും താലിയും ഉടമയ്ക്ക് തിരികെ നൽകി
1591321
Saturday, September 13, 2025 6:25 AM IST
കുണ്ടറ: ഉത്രാടദിനത്തിൽ വസ്ത്രശാല ജീവനക്കാർക്ക് കളഞ്ഞുകിട്ടിയ ഏഴരഗ്രാം സ്വർണമാലയും താലിയും ഉടമയ്ക്ക് തിരികെ നൽകി. പുത്തൂർ തെക്കുംചേരി തെങ്ങുവിള വീട്ടിൽ കിഷോറിന്റെ ഭാര്യ റോഷ്നിയുടെ നഷ്ടപെട്ട മാലയും താലിയുമാണ് തിരികെ കിട്ടിയത്.
നാലിന് റോഷ്നി വസ്ത്രം വാങ്ങാൻ പുത്തൂരിലെ ഒരു തുണിക്കടയിലെത്തിയപ്പോഴാണ് മാല നഷ്ടപെട്ടത്. അതിനു ശേഷം അവർ പുത്തൂരിലും കൊട്ടാരക്കരയിലുമായി വിവിധ കടകളിൽ പോയി. അന്ന് രാത്രിയോടെയാണ് മാല നഷ്ടപ്പെട്ട വിവരം റോഷ്നി അറിയുന്നത്. പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.
ടെക്സ്റ്റൈൽസിന്റെ ലാൻഡ് ഫോണിൽ വിളിച്ചെങ്കിലും ഫോൺ തകരാറായതിനാൽ കോൾ കണക്ടായില്ല. ഇതിനിടെയാണ്, തുണിക്കടയുടെ രണ്ടാംനില വൃത്തിയാക്കിയ ജീവനക്കാരായ മൈലംകുളം സ്വദേശി മിഥുനേഷ്, ചെറുമങ്ങാട് സ്വദേശി മനോജ് എന്നിവർക്ക് മാല കിട്ടുന്നത്. ഇവർ ഉടൻ കടയുടമയ്ക്ക് മാല കൈമാറി.
മാല തിരക്കി ആളെത്തുമെന്ന പ്രതീക്ഷയിൽ കടയുടമ കടയിൽതന്നെ താലി ഉൾപ്പെടെയുള്ള മാല സൂക്ഷിക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ആളെത്താത്തതിനാൽ മാല പുത്തൂർ പോലീസിന് കൈമാറി. ബുധനാഴ്ച വിവരമറിഞ്ഞ റോഷ്നി സ്റ്റേഷനിലെത്തി മാല തന്റേതാണെന്ന് അറിയിച്ചു.
പുത്തൂർ എസ്ഐ ടി.ജെ. ജയേഷിന്റെ സാന്നിധ്യത്തിൽ ടെക്സ്റ്റൈൽസ് ജീവനക്കാർ മാല റോഷ്നിക്ക് കൈമാറി. ഖത്തറിൽ കുടുംബസമേതം താമസിക്കുന്ന റോഷ്നി ഓണാവധിക്ക് നാട്ടിലെത്തുമ്പോഴായിരുന്നു സംഭവം.