ഏരൂരില്‍ നാലര വയസുകാരനോട് അങ്കണവാടി ടീച്ചറുടെ ക്രൂരത
1591557
Sunday, September 14, 2025 5:42 AM IST
അഞ്ചല്‍ : നാലര വയസുകാരനെ അങ്കണവാടി ടീച്ചര്‍ നുള്ളി പരിക്കേല്‍പ്പിച്ചതായി പരാതി. ഏരൂര്‍ പഞ്ചായത്തിലെ പാണയം അങ്കണവാടി ടീച്ചര്‍ക്കെതിരെയാണ് പരാതി. നാലരവയസുള്ള കുട്ടി അക്ഷരം പഠിച്ചില്ല എന്ന കാരണത്താലാണ് നുള്ളി പരിക്കേല്‍പ്പിച്ചത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വീട്ടിലെത്തിയ കുട്ടിയെ കുളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് തുടയിലുമായി രക്തം കട്ടപിടിച്ചു കിടക്കുന്നത് കണ്ട മാതാവ് ചോദിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ടീച്ചറെ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ അബദ്ധം പറ്റിയെന്നും ക്ഷമിക്കണമെന്നും അറിയിച്ചു.
തുടര്‍ന്നു പഞ്ചായത്ത് ഐസിഡിഎസ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അധികൃതര്‍ അടിയന്തിരമായി യോഗം ചേര്‍ന്ന് അങ്കണവാടി ടീച്ചറെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ ഏരൂര്‍ പോലീസില്‍ പരാതിയും നല്കി. ഏരൂര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മറ്റൊരുകുട്ടിക്കും ഇത്തരത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.