കൊട്ടാരക്കര ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി നിർമാണ അവലോകനം നടത്തി എംപി
1591322
Saturday, September 13, 2025 6:25 AM IST
കൊട്ടാരക്കര : ഗവ. ആയുർവേദ ആശുപത്രി സമുച്ചയത്തിൽ 30 ബെഡുകൾ ഉൾപ്പെടുത്തി നിർമിക്കുന്ന ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയുടെ നിർമാണ പുരോഗതി അവലോകനം നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. ദേശീയ ആയുഷ് മിഷൻ പദ്ധതിയുടെ ഭാഗമായി 10.50 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആശുപത്രി 60 ശതമാനം കേന്ദ്രവിഹിതമായും 40 ശതമാനം സംസ്ഥാന വിഹിതമായും ആണ് നടപ്പിലാക്കുന്നത്. ഇതിൽ 6.25 കോടി രൂപ കേന്ദ്ര ആയുഷ് മന്ത്രാലയവും 4.25 കോടി രൂപ സംസ്ഥാന സർക്കാരിന്റെയും വിഹിതമാണ്.
അവലോകന യോഗത്തിൽ ദേശീയ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ, നിർമാണ പ്രവർത്തനങ്ങളുടെ കൺസൾട്ടൻസി പ്രതിനിധികൾ, കോൺട്രാക്ടർ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ആരോഗ്യ പരിപാലനത്തിന്റെ പുതിയ സാധ്യതകൾ തുറക്കുന്ന തരത്തിലാണ് കൊട്ടാരക്കരക്ക് ലഭിക്കുന്ന ഈ പദ്ധതി. ആയുഷ് ചികിത്സാവ്യവസ്ഥയെ ശാസ്ത്രീയമായി വികസിപ്പിക്കുകയും ജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുകയും ചെയ്യുന്നതിൽ ഇതിന് വലിയ പങ്കുണ്ടാകും. കൊട്ടാരക്കരയും സമീപ പ്രദേശങ്ങളും ഉൾപ്പെടുന്ന ജനങ്ങൾക്ക് ആശുപത്രി വലിയ ആശ്വാസമായിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.