കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
1573773
Monday, July 7, 2025 6:02 AM IST
കൊല്ലം: കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ പുനലൂർ സ്വദേശിയിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ തട്ടിയ സംഭവത്തിൽ യുവതി പിടിയിൽ. ഇവർ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ നാലാം പ്രതിയാണ്. കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷിനെയാണ് കൊച്ചിയില് നിന്നും പുനലൂർ പോലീസ്അറസ്റ്റ് ചെയ്തത്.
പുനലൂർ പുന്നല സ്വദേശി നിഷാദ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കപ്പലിൽ ജോലി നൽകാമെന്ന് പറഞ്ഞു നിഷാദിൽ നിന്നും പല തവണയായി പതിനൊന്നര ലക്ഷം രൂപ ചിഞ്ചു അനീഷും സംഘവും തട്ടിയെടുക്കുകയായിരുന്നു.
പ്രതി മാസം രണ്ട് ലക്ഷം രൂപ ശമ്പളം കിട്ടുന്ന കപ്പൽ ജോലിയാണ് ചിഞ്ചു അനീഷ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനായി വായ്പ എടുത്തും കടം വാങ്ങിയും നിഷാദ് പണം നൽകി. സമൂഹ മാധ്യമത്തിൽ വന്ന പരസ്യം കണ്ടാണ് നിഷാദ് ജോലിക്ക് അപേക്ഷിക്കുന്നത്.
ഗൂഗിൾ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് ബന്ധപ്പെട്ടിരുന്നത്. ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരിൽ നിന്നും തട്ടിയെടുത്തതെന്നാണ് പോലീസ് പറയുന്നത്.
2023 മേയ് മുതൽ നവംബർ വരെയായി പലതവണകളായാണ് ചിഞ്ചുവിന് നിഷാദ് പണം നൽകിയത്. പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടും, മൂന്ന് പ്രതികളെ ഇനി പിടികിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു.
പരാതികൾ ഉയർന്നതോടെ എറണാകുളത്ത് ഇവർക്കുണ്ടായിരുന്ന ടാലന്റ് വീസ എച്ച്ആർ കൺസൾട്ടൻസി എന്ന സ്ഥാപനം അടച്ചുപൂട്ടുകയാണ് ഉണ്ടായത്.