കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1573554
Sunday, July 6, 2025 11:25 PM IST
അഞ്ചല്‍: അലയമണ്‍ കരുകോണിന് സമീപം പുല്ലാഞ്ഞിയോട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പുല്ലാഞ്ഞിയോട് പള്ളി വടക്കതില്‍ വീട്ടില്‍ ഷമീര്‍ (36) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷമീറിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷമീര്‍ ഭാര്യയുമൊത്ത് വിദേശത്തായിരുന്നു. പാലുകാച്ചിനായി അടുത്തിടെയാണ് നാട്ടില്‍ വന്നത്. പാലുകാച്ചലിന് ശേഷം ഭാര്യ വിദേശത്തേക്ക് മടങ്ങി പോയിരുന്നു. ഷമീര്‍ തിരികെ വിദേശത്തേക്ക് പോകാനിരിക്കെയാണ് അപകടത്തില്‍ ജീവന് പൊലിയുന്നത്. വളവ് തിരിഞ്ഞെത്തിയ കാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മൃതദേഹം അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി . അഞ്ചല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജാസ്മിനാണ് ഷമീറിന്റെ ഭാര്യ. മക്കൾ: അബുല്‍ ഹൈസാം, അഹദല്‍ സയാല്‍. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.