ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ യുവജനങ്ങൾ മുന്നിട്ടിറങ്ങണം: അടൂർ പ്രകാശ് എംപി
1573787
Monday, July 7, 2025 6:13 AM IST
കൊല്ലം: ലഹരി മാഫിയയെ നിർമാർജനം ചെയ്യാനുള്ള പോരാട്ടങ്ങളിൽ വിദ്യാർഥി - യുവജന പ്രസ്ഥാനങ്ങൾ മുൻകൈയെടുക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി. വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ കക്ഷിരാഷ്്ട്രീയ ഭേദമന്യേ പ്രവർത്തിക്കാൻ പൊതുസമൂഹ പിന്തുണ ഉണ്ടാകണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിവേകാനന്ദ സാംസ്കാരിക വേദിയുടെ ഇരുപതാമത് പുരസ്കാര വിതരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദൻ ഉയർത്തിയ മൂല്യങ്ങൾ മാനവരാശിക്ക് എന്നും പ്രചോദനമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി കുളത്തൂർ രവി പറഞ്ഞു.
ആർ. പ്രകാശൻ പിള്ള, വെങ്കിട്ട രമണൻ പോറ്റി, കവി പുന്തലത്താഴം ചന്ദ്രബോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.സജിത്ത് വിജയരാഘവൻ വിവേകാനന്ദ പുരസ്കാരവും കൊല്ലം വിമലഹൃദയ ജിഎച്ച്എസ്എസ് വിദ്യാരത്നാപുരസ്കാരവും ഏറ്റുവാങ്ങി. ജ്യോതിഷ പ്രതിഭാ പുരസ്കാരം നേടിയ ഡോ. ചേരൂർ രാധാകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.